വടകര: എതിർശബ്ദങ്ങളെ 51 വെട്ടിലൂടെ ഇല്ലായ്മ ചെയ്ത മാർക്സിസ്റ്റ് കൊടുംഭീകരത ചൂണ്ടിക്കാട്ടുന്ന ടി.പി കേസ്സിലെ ഹൈക്കോടതി വിധിയും വർഗ്ഗഫാസിസവും ഈ തിരഞ്ഞെടുപ്പിലെ സജീവ ചർച്ചാ വിഷയമായിരിക്കുമെന്ന് കെ.പി.സി സി സിക്രട്ടറി അഡ്വ. ഐ. മൂസ്സ പറഞ്ഞു. കേന്ദ്രത്തിൽ നരേന്ദ്രമോഡിയുടെ വർഗ്ഗീയ ഫാസിസവും സംസ്ഥാനത്ത് പിണറായി വിജയൻ നടപ്പിലാക്കുന്ന വർഗ്ഗ ഫാസിസവും ഒരുപോലെ ചെറുത്തു
തോൽപിക്കണമെന്നും വടകരയിൽ ഷാഫി പറമ്പിലിൻ്റെ വിജയം ഉറപ്പു വരുത്തുന്നതിലൂടെ ഫാസിസത്തിനെതിരെയുള്ള ജനാധിപത്യത്തിൻ്റെ വിജയം ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടനയുടെ നേതൃത്വത്തിൽ കോൺഗ്രസ്സിലെ വടകര പാർലമെൻ്റ് മണ്ഡലത്തിലെ വനിതാ ജനപ്രതിനിധികളുടെ നാരീശക്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എടോടി രാജീവ് ഗാന്ധി ഭവനിൽ വെച്ച് നടന്ന സമ്മേളനത്തിൽ ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷനായി. ജില്ലാ കൺവീനർ പി.കെ ദാമു സ്വാഗതം പറഞ്ഞ ചടങ്ങിൽ മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയേടത്ത്, കെ. പി സി സി മെമ്പർ തത്നവല്ലി, ബ്ലോക്ക് പ്രസിഡണ്ട് ഷീബ വില്യാപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ കൺവീനർ യുവി ബാബുരാജ് നന്ദി പറഞ്ഞു.