വടകര: വടകര നഗരത്തില്‍ തെരുവു വിളക്ക് നന്നാക്കാന്‍ കരാറെടുത്തയാളെ കാണ്മാനില്ലാത്ത അവസ്ഥ. തെരുവു വിളക്ക് കേടായാല്‍ നന്നാക്കാന്‍ ചുമതലപ്പെട്ട ആളെ കണികാണാന്‍ പോലും കിട്ടാതെയായി. ഇക്കാരണത്താല്‍ കഷ്ടത്തിലാണ് കൗണ്‍സിലര്‍മാരും നാട്ടുകാരും. വഴിയോരങ്ങള്‍ രാത്രിയായാല്‍ ഇരുട്ടില്‍ മുങ്ങുന്ന സ്ഥിതി.
സ്ട്രീറ്റ് ലൈറ്റ് തകരാറിലായ പോസ്റ്റിന്റെ നമ്പര്‍ സഹിതം നാട്ടുകാര്‍ യഥാസമയം കൗണ്സിലരെ അറിയിക്കാറുണ്ടെങ്കിലും പരിഹാരം നീളുകയാണ്. എന്തുപറ്റിയെന്നു തിരക്കിയാല്‍ കൗണ്‍സിലര്‍മാര്‍ കൈമലര്‍ത്തുകയാണ്. നന്നാക്കാന്‍ കരാറെടുത്ത ആളെ അറിയിക്കാനാവുന്നില്ലെന്നും ഫോണ്‍ പോലും എടുക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
ഇതാണ് കുറച്ചു കാലമായി വടകര നഗരത്തിലെ അവസ്ഥ. തെരുവു വിളക്ക് നന്നാക്കാന്‍ കരാറെടുത്തത് കണ്ണൂരുകാരാണ്. അവര്‍ ഒരു മാസം കൂടുമ്പോള്‍ വരികയും അപ്പോഴുണ്ടാകുന്ന തകരാര്‍ പരിഹരിച്ച് മടങ്ങുകയും ചെയ്യുകയാണ് സ്റ്റൈല്‍. അതായത് ഒരു തെരുവു വിളക്ക് കേടായാല്‍ നേരെയായി കിട്ടാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ട സ്ഥിതി.
രണ്ട് ദിവസം കൂടുമ്പോള്‍ തകരാര്‍ പരിഹരിക്കണമെന്നാണ് നിബന്ധനയെങ്കിലും കരാര്‍ എടുത്തവര്‍ ഇക്കാര്യം പാലിക്കാറേയില്ല. അവര്‍ക്ക് തോന്നുന്നതേ ചെയ്യുന്നുള്ളൂ. ചോദിക്കേണ്ട ഉത്തരവാദപ്പെട്ടവര്‍ക്ക് മിണ്ടാട്ടവുമില്ല. വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന ഏര്പാടേയില്ല. അതവാ ഫോണില്‍ കിട്ടിയാല്‍ അടുത്ത ദിവസം വരുമെന്ന് ആവര്‍ത്തിക്കുകയല്ലാതെ പരിഹാരം ഉടനുണ്ടാവുന്നില്ല. തെരുവു വിളിക്ക് കത്താത്തത് സംബന്ധിച്ച് നാട്ടുകാര്‍ നിരന്തരം പരാതിപ്പെട്ടാല്‍ ഒടുവില്‍ കൈയില്‍ നിന്ന് കാശെടുത്ത് നന്നാക്കേണ്ട ഗതികേടിലാണ് വാര്‍ഡ് കൗണ്‍സിലര്‍മാര്‍.
മുമ്പ് കരാറെടുത്ത വടകരക്കാര്‍ ദിവസവും രംഗത്തുണ്ടായിരുന്നെങ്കില് കരാര്‍ ദൂരെ ദിക്കിലുള്ളവര്ക്ക് കിട്ടിയതോടെ അവര്‍ക്ക് തോന്നുന്നതുപോലെ എപ്പോഴെങ്കിലും വന്നുപോവുക മാത്രമായി.