വടകര: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വടകര ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂള്‍ കൈവരിച്ച വിജയം മികവിന്റെ പാതയില്‍ കുതിപ്പായി. നൂറുമേനിയോടെയാണ് ഇത്തവണയും ഈ വിദ്യാലയം വിജയകിരീടം ചൂടിയത്. മാനേജ്മെന്റ്, രക്ഷിതാക്കള്‍, പിടിഎ, അധ്യാപകര്‍ എന്നിവരുടെ തോളോട് തോള് ചേര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിന് പിന്നിലെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ്എസ്എല്‍സി പരീക്ഷയെഴുതിയ 103 വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടിയപ്പോള്‍ 49 പേര് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഒമ്പത് വിദ്യാര്‍ഥികള്‍ ഒമ്പത് വിഷയങ്ങളിലും ഒമ്പത് വിദ്യാര്‍ഥികള്‍ എട്ടു വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 26 വര്‍ഷമായി എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം നിലനിര്‍ത്തുന്ന വിദ്യാലയമാണ് ശ്രീനാരായണ.
പ്ലസ് ടു പരീക്ഷയില്‍ 79 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 100% വിജയം കരസ്ഥമാക്കിയ ശ്രീനാരായണ കോഴിക്കോട് ജില്ലയില്‍ നൂറുമേനി കൊയ്ത നാല് വിദ്യാലയങ്ങള്‍ ഒന്നാണ്. വടകര വിദ്യാഭ്യാസ ജില്ലയില്‍ പ്ലസ് ടു പരീക്ഷയില്‍ 100% വിജയം നേടിയ ഏക വിദ്യാലയം എന്ന നേട്ടവും ശ്രീനാരായണക്കാണ്. 22 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എല്ലാവര്‍ഷവും സംസ്ഥാന കലാകായികമേളകളില്‍ ശ്രീനാരായണയിലെ വിദ്യാര്‍ഥികള്‍ മാറ്റുരക്കാറുണ്ട്. എന്‍എസ്എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജെആര്‍സി എന്നീ സാമൂഹ്യ സേവന യൂണിറ്റുകളും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ കെ.കെ.ജനാര്ദനന്, ഡെപ്യൂട്ടി മാനേജര്‍ പി.എം.മണിബാബു, സ്കൂള്‍ സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍, വൈസ് പ്രിന്‍സിപ്പല്‍ വി.ദീപ, സി.ശ്രീജ എന്നിവര്‍ പങ്കെടുത്തു