ബെര്‍ലിന്‍: യൂറോകപ്പില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ജോര്‍ജിയയെ തകര്‍ത്ത് സ്പെയിനും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്ലൊവാക്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍ കടന്നു. ഒരു ഗോള്‍ വഴങ്ങിയതിന് ശേഷമാണ് സ്പെയിനിന്റെ തകര്പന് ജയം. 18-ാം മിനിറ്റില്‍ സ്പെയിനിനെ ഞെട്ടിച്ചുകൊണ്ട് ജോര്‍ജിയ മുന്നിലുമെത്തി.
സെല്‍ഫ് ഗോളാണ് സ്പെയ്ന്‍ വിനയായത്. ആദ്യ പകുതിയുടെ അവസാനം സ്പെയിന് തിരിച്ചടിച്ചു. 38-ാം മിനിറ്റില്‍ റോഡ്രിയാണ് ഗോള്‍ കണ്ടെത്തിയത്. 51 -ാം മിനിറ്റില്‍ യമാലിന്റെ അളന്നു മുറിച്ച ക്രോസില്‍ നിന്നു ഹെഡറിലൂടെ ഫാബിയന്‍ റൂയിസ് സ്പെയിനിനെ മത്സരത്തില്‍ മുന്നിലെത്തിച്ചു.
75-ാം മിനിറ്റില്‍ സ്പെയിന് മൂന്നാം ഗോളും കണ്ടെത്തി. കിടിലന്‍ കൗണ്ടര്‍ അറ്റാക്കിനൊടുക്കം നിക്കോ വില്ല്യംസാണ് ഇത്തവണ വലകുലുക്കിയത്. 83-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ഡാനി ഒല്‍മോയും ഗോള്‍ അടിച്ചതോടെ സ്പെയിന് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ ജര്‍മനിയാണ് സ്പെയിനിന്റെ എതിരാളികള്‍.
സ്ലൊവാക്യക്കെതിരെ 95-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്നശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ അപ്രതീക്ഷിത ഗോള്‍ നേട്ടം. ജയത്തോടെ ഇംഗ്ലണ്ട് ക്വര്‍ട്ടര്‍ ഫൈനലിലേക്കുള്ള യോഗ്യത നേടി. 35-ാം മിനിറ്റില്‍ ഇവാന് ശ്രാന്‍സിലൂടെ ആണ് സ്ലൊവാക്യ ലീഡ് നേടിയത്.
തുടര്‍ന്ന് 96ആം മിനിറ്റില്‍ ജൂഡ് ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിനായി ഗോള്‍ നേടി കളി സമനിലയിലെത്തിച്ചു. പിന്നാലെ എക്സ്ട്രാ ടൈമിന്റെ ആദ്യ മിനിറ്റില്‍ ഒരു ഹെഡറിലൂടെ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുക്കുകയായിരുന്നു.