കോഴിക്കോട്: റിയാസ് മൗലവി വധത്തില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരിച്ച് സോളിഡാരിറ്റി. പ്രതികള്‍ക്കെതിരെ പോലീസ് അന്വേഷണത്തിലും പ്രോസിക്യൂഷന് വാദങ്ങളിലും സംഭവിച്ച ദൗര്‍ബല്യങ്ങളാണ് കോടതിയില്‍ നിന്ന് ദൗര്‍ഭാഗ്യകരമായ വിധിയുണ്ടായതിനു പിന്നിലെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി.സുഹൈബ്. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രതികള്‍ക്കെതിരായി ഉണ്ടായിട്ടും അതൊന്നും മുന്‍നിര്‍ത്തിയുള്ള കുറ്റമറ്റ നിലപാടുകള്‍ കോടതിയില്‍ സ്വീകരിക്കപ്പെടാതെ പോയത് കോടതിക്ക് പ്രതികള്‍ക്കനുകൂലമായ വിധിതീര്പ്പിലെത്താന് സഹായകരമായി.
കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കാതിരുന്ന പ്രോസിക്യൂഷന് നടപടിയാണ് സംഘ്പരിവാര്‍ ക്രിമിനലുകളെ വെറുതെവിടുന്ന കോടതി വിധിയിലേക്ക് നയിച്ചത്. ആര്‍എസ്എസുകാര്‍ പ്രതികളാകുന്ന കേസുകളിലെ ഇത്തരത്തിലുള്ള പോലീസ്-ജുഡീഷ്യല്‍ ഉദാസീന നടപടികള്‍ നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകര്‍ക്കുന്നതുമാണ്.
സംഘ്പരിവാറിന്റെ മുസ്ലിം ഉന്മൂലന ശ്രമങ്ങളെ ചെറുക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ കേരള സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. റിയാസ് മൗലവിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ സോളിഡാരിറ്റി പങ്കുചേരുന്നുവെന്നും സി.ടി സുഹൈബ് കൂട്ടിച്ചേര്‍ത്തു.