തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ ശക്തികുറഞ്ഞതോടെ സംസ്ഥാനത്ത് തീവ്ര മഴക്ക് നേരിയ ശമനം. ഇത് പൊതുവെ ആശ്വാസമായി. അടുത്ത മൂന്നു ദിവസം വടക്കന്‍ ജില്ലകളിലാകും അല്പമെങ്കിലും മഴ ശക്തമാവുക. മറ്റിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും.
ചക്രവാതച്ചുഴി ശക്തി കൂടുകയോ അറബിക്കടലില്‍ കൂടുതല്‍ മഴ മേഘങ്ങള്‍ രൂപപ്പെടുകയോ ചെയ്താല്‍ വീണ്ടും ശക്തമായ മഴ പെയ്തേക്കും. കേരള തീരത്ത് 1.5 മീറ്റര്‍വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനം പാടില്ല.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത് ചുഴലിക്കാറ്റായി രൂപപ്പെടും. നാളെ അര്‍ധരാത്രിയോടെ ബംഗ്ലാദേശ് പശ്ചിമബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിന് സമീപം തീവ്ര ചുഴലിക്കാറ്റായി ഇത് കരയില്‍ പ്രവേശിക്കും. കേരളത്തെ ബാധിക്കാനിടയില്ല.
ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇക്കൊല്ലം ശരാശരി ലഭിക്കേണ്ടതിനെക്കാള്‍ കൂടുതല്‍ വേനല്‍മഴ ഇതിനകം ലഭിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെ സാധാരണ ലഭിക്കേണ്ടത് 359.1 മില്ലീ മീറ്റര്‍. ഇക്കുറി ഇതുവരെ ലഭിച്ചത് 360.8 മില്ലി മീറ്റര്‍.