പേരാമ്പ്ര: ലഹരി ഉപയോഗിച്ച് യുവാക്കള്‍ മരണമടയുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പോലീസ് ഉണരുന്നു. പേരാമ്പ്ര സ്റ്റേഷന് പരിധിയില്‍ ആറു പേര് പിടിയില്‍. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് ഇവരെ ഡിവൈഎസ്പി കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലഹരി ഉപയോഗിക്കാന്‍ ചെറുപ്പക്കാര്‍ തമ്പടിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിലാണ് യുവാക്കള്‍ കുടുങ്ങിയത്. ഇവരില്‍ നിന്നു ലഹരി ഉപയോഗിക്കുന്ന പേപ്പറുകളും പൈപ്പുകളും പോലീസ് കണ്ടെടുത്തു. ഇവര്‍ക്കെതിരെ പേരാമ്പ്ര സ്റ്റേഷനില്‍ മാത്രം നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവള്ളൂര്‍ സ്വദേശികളായ നാറാണത്ത് അര്‍ഷാദ്, തെക്കേകണ്ണമ്പള്ളി യാക്കൂബ്, ചെറുകുനിയില്‍ മുനീര്‍, കൈതക്കല്‍ നൊച്ചാട് നെല്ലുവേലി വീട്ടില്‍ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി യൂസഫ്, വെള്ളിയൂര്‍ കൊളപ്പോട്ടില്‍ വീട്ടില്‍ ശ്രീനാഥ്, വെള്ളിയൂര്‍ വെള്ളരിയില്‍ വീട്ടില്‍ അജില്‍ ജെ മനോജ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ ചിലര്‍ മുമ്പും സമാന കേസുകളില്‍ പിടിക്കപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.
ജില്ലയില്‍ ഈ വര്‍ഷം മാത്രം ലഹരി ഉപയോഗിച്ച് അഞ്ചിലധികം യുവാക്കള്‍ മരണപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അര്വിന്ദ സുകുമാറിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ലഹരി വസ്തുക്കളുടെ വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ റെയ്ഡും മറ്റ് ശക്തമായ നടപടികളും തുടരുമെന്നും പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജു അറിയിച്ചു.