ഓര്‍ക്കാട്ടേരി: വയനാട് പൂക്കോട് ഗവ.വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണം എസ്എഫ്ഐ അസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണെന്ന് റവല്യൂഷണറി യൂത്ത്. മരണത്തില്‍ പങ്കാളികളായ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതിഷേധിച്ച് റവല്യൂഷണറി യൂത്ത് ഓര്‍ക്കാട്ടേരിയില്‍ ‘യുവജനരോഷം’ പരിപാടി സംഘടിപ്പിച്ചു.
മൂന്ന് ദിവസത്തോളം ക്രൂരമായ പീഡനത്തിന് ഇരയായ സിദ്ധാര്‍ഥിനെ കെട്ടിയിട്ട്, ഭക്ഷണം പോലും നല്‍കാതെ നഗ്നനാക്കി അപമാനിച്ചു എന്നത് കേരളീയ സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ഹോസ്റ്റലിന് നടുവില്‍ നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ട ആക്രമത്തിനിരയായ സിദ്ധാര്‍ഥിനെ ഒരു വിദ്യാര്‍ഥിപോലും സംരക്ഷിക്കാന്‍ ശ്രമിച്ചില്ല എന്നത് അത്യന്തം ഗൗരവകരമായി സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കലാലയങ്ങളെ രക്തപൂരിതമാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന എസ്എഫ്ഐയുടെ താലിബാനിസമാണ് ഈ ക്രുര കൃത്യത്തിലൂടെ പുറത്ത് വന്നതെന്ന് റവല്യൂഷണറി യൂത്ത് കുറ്റപ്പെടുത്തി.
യുവജനരോഷം പരിപാടിക്ക് ബ്ലോക്ക് പ്രസിഡന്റ് ജി.രതീഷ്, സെക്രട്ടറി പി.ടി നിഖില്‍, ടി.എം.ലിവേഷ്, നാസര്‍ കുളങ്ങാട്ട്, അപര്‍ണ. ആര് എന്നിവര്‍ നേതൃത്വം നല്കി.