മലപ്പുറം: പുലാമന്തോള്‍ കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബിഷ്മോന്‍ ആണ് മരിച്ചത്. പുലാമന്തോള്‍ പാലത്തിന് താഴെ കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സുബീഷിനെ കിട്ടിയത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
കുടുംബത്തോടൊപ്പം എത്തിയ എസ്ഐ പാറയില്‍നിന്ന് വഴുതി വീഴുകയായിരുന്നു. അല്പദൂരം ഒഴുകിപ്പോയ സുബീഷിനെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കരക്കെത്തിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല. തൃശൂര്‍ മാള സ്വദേശിയാണ്. ഒരു മാസം മുമ്പാണ് ഇദ്ദേഹം പാലക്കാട് കൊപ്പം സ്റ്റേഷനിലെത്തിയത്.