വടകര: വീറും വാശിയും നിറഞ്ഞ കടത്തനാടന്‍ പോരാട്ടത്തില്‍ വിജയശ്രീലാളിതനായി ഷാഫി പറമ്പില്‍. പാലക്കാട് നിന്നെത്തി പൊടുന്നനെ കടത്തനാടന്ഹൃദയത്തിലിടം നേടിയ ഈ യുവഎംഎല്‍എ ഇനി വടകരയുടെ സ്വന്തം എംപി. ഷാഫി നേടിയ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ മിന്നും വിജയം ഏവരേയും അമ്പരപ്പിച്ചു.
കേരളത്തിലെ തിളക്കമേറിയ വിജയം ഷാഫിയുടേതാണെന്നാണ് വിലയിരുത്തുന്നത്. കേരളത്തിലെ ഏറ്റവും ജനകീയയായ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയതാണ് ഈ തിളക്കത്തിന് കാരണം.
ഏത് തരംഗത്തേയും അതിജീവിക്കാന്‍ കരുത്തുള്ള സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയിട്ടും ഒരുകാലത്ത് പൊന്നാപുരം കോട്ടയായിരുന്ന വടകര കൈവിട്ട് പോയത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. കെ.കെ.ശൈലജ സ്ഥാനാര്‍ഥിയായതോടെ സിപിഎമ്മിന് വിജയം സുനിശ്ചിതമെന്നാണ് ഏവരും കരുതിയത്. കെ.മുരളീധരന് തൃശൂരിലേക്ക് മാറിയതും ഷാഫി വന്നതും കണക്കുകൂട്ടല്‍ തെറ്റിക്കുന്നതായി. പ്രചാരണത്തിന്റെ തുടക്കത്തില്‍ ഏറെ മുന്നിലായിരുന്ന കെ.കെ.ശൈലജയെ ഷാഫി പറമ്പില്‍ പൊടുന്നനെ മറികടക്കുന്നതാണ് കണ്ടത്. പിന്നാലെ കോലാഹലങ്ങളുടെ പെരുമഴയാണ് വടകരയില്‍ ദൃശ്യമായത്.
പാനൂര്‍ ബോംബ് സ്ഫോടനവും അശ്ലീല വീഡിയോ വിവാദവും കാഫിര്‍ പ്രയോഗവുമൊക്കെയായി അന്തരീക്ഷം കൊഴുത്തു. വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗം നിറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി സമര്പിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തി. മണ്ഡലത്തിന് പുറത്ത് സോഷ്യല്‍ മീഡിയയിലും വലിയ പോരാട്ടച്ചൂട് കണ്ട മണ്ഡലമാണ് വടകര. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും യുഡിഎഫ് തരംഗവും ഷാഫി പറമ്പിലിന് അനുകൂല ഘടകങ്ങളായി. ഇതോടൊപ്പം മുസ്ലീം ലീഗിന്റെ ശക്തമായ സാന്നിധ്യവും യുഡിഎഫ് മുന്നേറ്റത്തിന് ഇന്ധനമായി.
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടതും പ്രാദേശിക നേതാക്കള്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചതും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. ടി.പി.ചന്ദ്രശേഖരന് വധക്കേസ് പ്രതികളെ ശിക്ഷിച്ച വിധി വന്നതും തെരഞ്ഞെടുപ്പിന് മുമ്പാണ്. ടിപി കൊലക്കേസിലെ സിപിഎം നേതാക്കളുടെ പങ്ക് അതുകൊണ്ട് തന്നെ ചര്‍ച്ചയായി. ഈ ഘടകങ്ങളെല്ലാം ഒത്തുവരികയും ഷാഫി പറമ്പിലെന്ന യുവ സ്ഥാനാര്‍ഥിയെ രംഗത്തറിക്കുകയും ചെയ്തതോടെ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ജയമായി മാറി.
50,000 വോട്ടിന് വിജയിക്കുമെന്ന സ്ഥാനാര്‍ഥിയുടേയും കണക്ക്കൂട്ടലിനെ കടത്തിവെട്ടിയ ഭൂരിപക്ഷം സിപിഎമ്മിനെ അലോസരപ്പെടുത്തുമെന്നുറപ്പ്. മറ്റ് മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞാലും തലശേരിയിലേയും കൂത്തുപറമ്പിലേയും ലീഡിലൂടെ അതിനെ മറികടക്കാമെന്നാണ് സിപിഎം കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ കൂത്തുപറമ്പിലും ഷാഫിയുടെ കുതിപ്പാണ് കണ്ടത്.
2009 മുതലാണ് ശക്തികേന്ദ്രമായ വടകര സിപിഎമ്മിനെ കൈവിട്ടത്. സിറ്റിംഗ് എംപി സതീദേവിയെ തോല്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിവച്ച വിജയമാണ് ഷാഫിയിലൂടെ ആവര്‍ത്തിക്കുന്നത്. 2014ല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോള്‍ എഎന്‍ ഷംസീറിനെ മൂവായിരത്തോളം വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് മുല്ലപ്പള്ളി മറികടന്നത്. 2019ല്‍ വട്ടിയൂര്‍ക്കാവ് സിറ്റിംഗ് എംഎല്‍എ ആയിരുന്ന കെ മുരളീധരനെയാണ് പി.ജയരാജനെ വീഴ്ത്താന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. അതിനേക്കാള്‍ വലിയ വിജയമാണ് ഇത്തവണ യുഡിഎഫിനു വേണ്ടി ഷാഫി കാഴ്ചവെച്ചിരിക്കുന്നത്.