കൊയിലാണ്ടി: ഗുരുദേവകോളജിലെ പ്രിന്‍സിപ്പള്‍ ഡോ: സുനില്‍ ഭാസ്കറിനെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് എതിരെ ഉണ്ടായിരുന്ന ആക്രമണം അധ്യാപകര്‍ക്ക് നേരെയും തിരിച്ച് വിട്ടിരിക്കുകയാണെന്നും ഇത് കൈയ്യും കെട്ടി നോക്കി നില്ക്കാന് സാധിക്കില്ലെന്നും ബിജെപി വ്യക്തമാക്കി.
പോലീസ് നോക്കി നില്‍ക്കെയാണ് അക്രമണം നടന്നത്. പരിക്കേറ്റ അധ്യാപകരെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്നത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ പോലീസ് ഒരു നടപടിയും സ്വീകരിക്കാതയ്യാറായില്ലെന്ന് യോഗം ആരോപിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് എസ്.ആര്.ജയ്കിഷ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ വി.കെ.ജയന്, സ്റ്റേറ്റ് കമ്മിറ്റി അംഗം വായനാരി വിനോദ്, കൗണ്‍സിലര്‍ കെ.കെ.വൈശാഖ്, വി.കെ.സുധാകരന്, കെ.വി.സിന്ധു, മണ്ഡലം ജന സെക്രട്ടറിമാരായ കെ.വി.സുരേഷ്, അഡ്വ. എ.വി.നിധിന്, മണ്ഡലം വൈസ് പ്രസിഡന്റ് വി.കെ.മുകുന്ദന്, ട്രഷറര്‍ ഒ.മാധന്‍ ടി.പി.പ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.