കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവ കോളജിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രിന്‍സിപ്പാളിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ബാരിക്കേഡ് മറികടന്ന് ക്യാമ്പസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞു. ബലം പ്രയോഗിച്ച പ്രവര്‍ത്തകരെ പോലീസ് പിടിച്ച് മാറ്റി. പ്രിന്‍സിപ്പാള്‍ രണ്ട് കാലില്‍ കോളജില്‍ കയറില്ലെന്ന് എസ്എഫ്ഐ ഭീഷണി മുഴക്കി. ഈ അധ്യാപകനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും എസ്എഫ്ഐ ഏരിയ സെക്രട്ടറി നവതേജ് പറഞ്ഞു. സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം ജാന്‍വി സത്യന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ. സെക്രട്ടറിയേറ്റ് അംഗം ഫര്ഹാന്, അശ്വിന്, ഡിവൈഎഫ്ഐ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ് എന്നിവര്‍ സംസാരിച്ചു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ഇന്നലെ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് കോളജ് അടച്ചിട്ടിരിക്കുകയാണ്. ഹെല്പ് ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.