വടകര: നഗരത്തിലെ ഗതാഗത കുരുക്കിനു പരിഹാരം കാണണമെന്ന് യുഡിഎഫ്. ഇത് ഉള്‍പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് നേതൃത്വം മുനിസിപ്പല്‍ ചെയര്പേഴ്സന് നിവേദനം നല്കി.
ജൂബിലികുളം മുതല്‍ എടോടി വരെയും ക്രിസ്ത്യന്‍ പള്ളി മുതല്‍ അഞ്ച് വിളക്ക് ജംഗ്ഷന് വരെയും രൂക്ഷമായ ഗതാഗത കുരുക്കാണ് ദിനം പ്രതി അനുഭവപ്പെടുന്നതെന്നും റെയില്‍വെ സ്റ്റേഷന് മുതല്‍ എടോടി വരെയും പലപ്പോഴായി ഗതാഗത കുരുക്ക് ഉണ്ടാകുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പട്ടണം സ്തംഭിക്കുന്ന സാഹചര്യമായിട്ടും അധികൃതരുടെ അനങ്ങാപ്പാറ നയമാണ് തുടരുന്നതെന്നു യുഡിഎഫ് കുറ്റപ്പെടുത്തി. മുനിസിപ്പല്‍ തലത്തിലെ ബഹുമുഖ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് നേതാക്കളും കൗണ്‍സിലര്‍മാരും ചെയര്പേഴ്സന് നിവേദനം നല്‍കിയത്.
പഴയ ബസ് സ്റ്റാന്റ് നിഷ്ക്രിയമാക്കി ലിങ്ക് റോഡ് ബസ് സ്റ്റാന്റായി പ്രവര്‍ത്തിക്കുന്ന പരിഷ്കരണം ഉപേക്ഷിക്കുക, ചേലക്കാട് റോഡ് വീതി കൂട്ടല്‍ മുനിസിപ്പല്‍ ഏരിയയിലെ പ്രവര്‍ത്തി ത്വരിതപ്പെടുത്തുക, ഫയലില്‍ ഉറങ്ങികിടക്കുന്ന കോട്ടപ്പറമ്പ് നവീകരണം ആരംഭിക്കുക, സമഗ്ര അഴുക്കുചാല്‍ പദ്ധതി നടപ്പിലാക്കി കരിമ്പന തോടും അങ്ങാടി തോടും മാലിന്യമുക്തമാക്കുക, മത്സ്യമാര്‍ക്കറ്റ് ആധുനികവല്‍കരിക്കുക, വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട സാഹചര്യം പരിശോധിക്കുക, കുടിവെള്ളം ലഭ്യമാകാത്ത പ്രശ്നം ശാശ്വതമായി പരിഹരിക്കുക, കെട്ടിട നികുതി ക്രമാതീതമായ വര്‍ധനവ് പുനഃപരിശോധിക്കുക, ആധുനിക രീതിയില്‍ അറവ് ശാല പണിയുക, സൊസൈറ്റി ഗ്രൗണ്ടില്‍ മിനി സ്റ്റേഡിയം സ്ഥാപിക്കുക, നാരായണ നഗറിലെ പ്രധാന ഭൂമി ബിഒടി പ്രകാരം ഏറ്റെടുത്ത ഹോളിഡെ ഗ്രൂപ്പിന്റെ കെട്ടിടം അടച്ചിട്ട സാഹചര്യം പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചെയര്പേഴ്സന് നിവേദനം നല്‍കിയത്.
എന്‍.പി.അബ്ദുള്ള ഹാജി, സതീശന്കുരിയാടി, എം.ഫൈസല്‍, പി എസ് രഞ്ജിത്ത് കുമാര്‍, കൗണ്‍സിലര്‍മാരായ വി.കെ. അസീസ്, പ്രതീശന്‍.കെ.പി. ഷാഹിമ, ഫാഷിദ.കെ.കെ, ശ്രീജിന.സി.കെ എന്നിവര്‍ സന്നിഹിതരായി.