ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിൽ കുട്ടികളുടെ ആശുപത്രിയിൽ ഇന്നലെ രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ ആറ് നവജാതശിശുക്കൾ മരിച്ചു. ആറ് പേരെ രക്ഷപ്പെടുത്തി സമീപത്തെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ആറുപേരും വെന്റിലേറ്ററിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ന്യൂ ബോൺ ബേബി കെയർ ഹോസ്പിറ്റലിലും അതിനോട് ചേർന്ന കെട്ടിടത്തിലും തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാേടെയാണ് തീ പൂർണമായും അണയ്ക്കാനായതെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രണ്ട് കെട്ടിടങ്ങളെയാണ് തീപിടിത്തം ബാധിച്ചതെന്ന് ഫയർ ഓഫീസർ രാജേഷ് എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.