നാദാപുരം: നിയോജകമണ്ഡലത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്കൂള്‍ കെട്ടിടങ്ങളുടെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനം ഫെബ്രുവരി 26ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച വെള്ളിയോട് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍, കാവിലുംപാറ ഗവ: എച്ച് എസിന്റെ ഉദ്ഘാടനവും നാദാപുരം ഗവ: യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുക. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
പൊതു വിദ്യാഭ്യാസ വകുപ്പ് 1.5 കോടി രൂപ ചെലവഴിച്ചാണ് വെള്ളിയോട് ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഇ കെ വിജയന് എംഎല്‍എ മുഖ്യാതിഥിയാവും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് പി.സുരേന്ദ്രന് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. സ്കൂളിന് കിഫ്ബി മുഖേന അനുവദിച്ച മൂന്ന് കോടി രൂപയുടെ പ്രവൃത്തി ടെണ്ടര്‍ നടപടിയിലാണെന്ന് ഇ കെ വിജയന് എംഎല്‍എ. അറിയിച്ചു.
നാദാപുരം ഗവ: യു.പി.സ്കൂള്‍ പുതിയ കെട്ടിടത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് കിഫ്ബി മുഖേന 3.2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സ്കൂളില്‍ നടക്കുന്ന പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷത വഹിക്കും. ഇ.കെ.വിജയന് എം.എല്‍എ ശിലാഫലകം അനാഛാദനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് കെ.പി.വനജ, ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം.നജ്മ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.