വടകര: രാജ്യം നേരിടുന്ന ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് നമ്മളുള്ളതെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള മഹിളാ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അച്ചു ഉമ്മന്‍. ഇത്തവണ നമ്മള് വോട്ടുചെയ്യുന്നത് ഇന്ത്യയുടെ ആത്മാവിനെ തിരിച്ചുപിടിക്കുന്നതിനു വേണ്ടിയാണ്. ബഹുസ്വരതയെ അംഗീകരിക്കുന്ന, മതേതര സ്വഭാവമുള്ള ഇന്ത്യയായി മാറണോ അതോ ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ തമ്മിലടിക്കുന്ന ഒരു പ്രദേശമായി ഇവിടം മാറണോ എന്ന് തീരുമാനിക്കപ്പെടുന്ന
തെരഞ്ഞെടുപ്പാണിത്. 2014ല്‍ അഴിമതിയെ തുടച്ചുനീക്കും, കള്ളപ്പണം കൊണ്ടുവരും എന്നു പറഞ്ഞ് അധികാരത്തില്‍ എത്തിയ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ യശസ് പാടെ തകര്‍ത്തു.
ഏറ്റവുമൊടുവില്‍ ഇലക്റ്ററല്‍ ബോണ്ടിലടക്കം പുറത്തുവന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 6000 കോടിയിലേറെ രൂപയാണ് ബിജെപി വാങ്ങിക്കൂട്ടിയത്. ഇതൊന്നും ആരും സ്നേഹത്തോടെ നല്കിയതല്ല. ഗൂണ്ടായിസം കാട്ടി പിടിച്ചെടുത്തതോ ഉപകാരസ്മരയെന്ന രീതിയില്‍ കൈക്കൂലിയായി ലഭിച്ചതോ കള്ളപ്പണം വെളുപ്പിച്ചതിന് സംഭാവന ലഭിച്ചതോ ഒക്കെ ആണ്. പല രീതിയില്‍ സമാഹരിച്ച ആ പണം കൊണ്ടാണ് ഇന്ത്യയിലെ ജനാധിപത്യം തകര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. അഴിമതി
ചെയ്താല്‍ ശിക്ഷിക്കണം. പക്ഷെ അതിനെല്ലാം നാട്ടില്‍ നിയമമുണ്ട്. തല്ലിപ്പഴുപ്പിച്ചെടുത്ത ആരോപണത്തിന്റെ മറവിലാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരുപാട് കോണ്‍ഗ്രസ് നേതാക്കളെ ഇതുപോലെ വേട്ടയാടി. ഒന്നും നടക്കാതായപ്പോള്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. ഒരു നിലക്കും ശരിയായ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കരുത് എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇഛാശക്തികൊണ്ട് മാത്രമാണ് നമ്മള് ഈ തെരഞ്ഞെടുപ്പിനെ
നേരിടുന്നത്. സംസ്ഥാനത്താണെങ്കില്‍ ശമ്പളവുമില്ല, പെന്‍ഷനുമില്ല എന്നതാണ് സ്ഥിതി. അടിമുടി വിലക്കയറ്റം നേരിടുന്നു. എന്നാല്‍ ആഢംബരത്തിനോ ധൂര്‍ത്തിനോ ഒരു കുറവുമില്ല. വെറും 500 രൂപയ്ക്കു കിട്ടേണ്ട പിപിഇ കിറ്റ് 1500 രൂപയ്ക്കാണ് കൊവിഡ് കാലത്ത് സര്‍ക്കാര്‍ വാങ്ങിയത്. വടകര കണ്ടിട്ടില്ലാത്ത ഭൂരിപക്ഷത്തില്‍ ഷാഫിയെ പാര്‍ലമെന്റിലേക്ക് അയക്കണമെന്നും അച്ചു ഉമ്മന്‍ ആവശ്യപ്പെട്ടു. കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ആമിന അധ്യക്ഷയായിരുന്നു. സുഹറ മമ്പാട്, അച്ചു ഉമ്മന്‍, കുത്സു ടീച്ചര്‍, ഡോ. ഹരിപ്രിയ, ത്രേസ്യാമ്മ മാത്യു, മിനിക, സന്ധ്യ കരണ്ടോട്, ഗീത മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു.