കൊയിലാണ്ടി: കാറ്റിലും മഴയിലും കാപ്പാട് ബീച്ചില്‍ മരങ്ങള്‍ കടപുഴകി വീണതോടെ വിനോദസഞ്ചാരത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. കാറ്റാടി മരങ്ങളും തെങ്ങുമാണ് വീണത്. കോഴിക്കോട് ഡിടിപിസി അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. വീണു കിടക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റി.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കാറ്റിലും മഴയിലും പരക്കെ നാശമുണ്ടായത്. 12 ഓളം വന്‍ കാറ്റാടി മരങ്ങളും തെങ്ങുമാണ് മുറിഞ്ഞ് വീണത്. പാര്‍ക്കിനകത്ത് പ്രവര്‍ത്തിക്കുന്ന കഫ്റ്റീരിയയുടെ റൂഫും സീലിങ്ങും തകര്‍ന്നു. കവാടത്തിനോട് ചേര്‍ന്ന ചുറ്റുമതിലും തകര്‍ന്നിട്ടുണ്ട്. കുട്ടികളുടെ പാര്‍ക്കിലെയും ഓപ്പണ്‍ ജിമ്മിലെയും ഉപകരണങ്ങള്‍, റെയിഞ്ച് ഷട്ടറിന്റെ മേല്‍ക്കൂര, പാര്‍ക്കിനകത്തെ എല്‍ഇഡി ലൈറ്റുകള്‍ എന്നിവക്കും സിസിടിവി ക്യാമറ സംവിധാനങ്ങള്‍ക്കും നാശം സംഭവിച്ചു. നാശ നഷ്ടം കണക്കാക്കി വരുന്നതായി അധികൃതര്‍ പറഞ്ഞു. അറ്റകുറ്റ പ്രവൃത്തി നടത്തേണ്ടതിനാല്‍ കാപ്പാട് വിനോദസഞ്ചാരകേന്ദ്രം രണ്ട് ദിവസം അടച്ചിടുമെന്ന് ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ കെ.അശ്വിന് അറിയിച്ചു. ഈ ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
-സുധീര്‍ കൊരയങ്ങാട്