അഴിയൂര്‍: കോഴിക്കോട്-കണ്ണൂര്‍ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസത്തേക്കായി അടച്ചു. മേയ് 10 വരെ ഇതുവഴിയുള്ള ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുകയാണ്. റോഡിലെ ടാറിംഗ് ഇളക്കാനുള്ള ജോലിയാണ് ആദ്യം. വാഹനഗതാഗതം തടഞ്ഞെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമൊരുക്കും.
ലോക്കല്‍ ബസുകള്‍ ഇരുഭാഗത്ത് നിന്നും പാലം വരെ മാത്രമാണുണ്ടാവുക. വടകര ഭാഗത്ത് നിന്നു വരുന്ന ബസുകള്‍ മാഹി കെടിസി ജംഗ്ഷനില്‍ ആളെ ഇറക്കി മടങ്ങും. തലശ്ശേരി ഭാഗത്ത് നിന്നു വരുന്ന ബസുകള്‍ മാഹിപ്പാലം ജംഗ്ഷനില്‍ നിന്നു തിരിച്ചു പോവും.
ദീര്‍ഘദൂര ബസുകള്‍ ബൈപ്പാസ് റോഡ് വഴിയാണ് പോകേണ്ടത്. വടകര നിന്നു വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്പാലംവഴിയും തലശ്ശേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടവ ചൊക്ലി-മേക്കുന്ന്- മോന്താല്‍പാലം വഴിയോ മാഹിപ്പാലത്തിന്റെ അടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താല്‍പാലം വഴിയോ ആണ് പോകേണ്ടത്.