വടകര: ചരിത്ര പ്രസിദ്ധമായ വടകര ജൂബിലി കുളം പുതുമോടിയിലേക്ക്. 63 ലക്ഷം രൂപ വിനിയോഗിച്ച് കുളവും പരിസരവും നവീകരിക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് നാലിന്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/muni-chair-person.jpg?resize=678%2C370&ssl=1)
വൈകുന്നേരം 4.30ന് പ്രവൃത്തി ഉദ്ഘാടനം നടക്കും.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തയ്യാറാക്കിയ ഡിപിആര്‍ അനുസരിച്ച് കല്പടവുകള് മുഴുവനായും മാറ്റി അടിഭാഗത്ത് കരിങ്കല്‍ ബെല്‍റ്റ് ഇട്ടതിനു ശേഷം ചെങ്കല്ലുകള്‍ ഉപയോഗപ്പെടുത്തി പടവുകള്‍ നിര്‍മിക്കും. ചുറ്റും നാച്ചുറല്‍ സ്റ്റോണ്‍ പതിച്ച വാക്ക് വേ, ഗ്രാനൈറ്റ് സീറ്റിംഗ്, ലാന്‍ഡ് സ്കേപ്പിംഗ്, ചെറിയ മരങ്ങള്‍, ചെടികള്‍, പുല്‍ത്തകിടി, എന്‍ട്രന്‍സ് ഗേറ്റ്, ഗാര്ഡന് ലൈറ്റ്സ് എന്നിവ ഒരുക്കും. ഗീന് ടെക്നോളജി സെന്റര്‍ വരെയുള്ള വഴിയില്‍ രണ്ട് ഭാഗത്തേയും ഫൂട്ട്പാത്തില്‍ ഇന്റര്‍ലോക്ക് പതിച്ച് വിളക്ക് കാലുകള്‍ സ്ഥാപിച്ച് മോടി പിടിപ്പിക്കും. തികച്ചും ഭിന്നശേഷി സൗഹൃദമെന്ന നിലയില്‍ റാമ്പ്, കാഴ്ച പരിമിതിയുള്ളവര്‍ക്കുള്ള ടാക് ടൈല്‍ പാവിങ് എന്നിവ ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാലു മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കും.
കുളത്തിന്റെ പുനരുജ്ജീവനത്തിനായി ഒട്ടേറെ സാധ്യതകള്‍ പരിശോധിച്ചെങ്കിലും ഫണ്ടിന്റെ അഭാവത്താല്‍ മാറ്റിനിര്‍ത്തേണ്ട അവസ്ഥയായിരുന്നു. ഭാവിയില്‍ കുളം കുടിവെള്ളത്തിന് ഉപയോഗിക്കുന്നതിന്റെ സാധ്യത തേടുമെന്നും സംരക്ഷണവും മറ്റു കാര്യങ്ങളും പിന്നീട് ആലോചിക്കുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. വൈസ് ചെയര്മാന് പി.സജീവ്കുമാര്‍, എന്‍.കെ.പ്രഭാകരന്, എ.പി.പ്രജിത തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.