നാദാപുരം: കനത്ത ചൂടിനാശ്വാസമായി കാലത്ത് തന്നെ മഴയെത്തി. മിക്കയിടത്തും ഇടിയോടുകൂടി മഴ പെയ്തു. ഉഷ്ണത്താല്‍ വിയര്ത്തുകഴിയുന്നവര്ക്ക് കുളിരിന്റെ ആശ്വാസമായി മഴ. മണിക്കൂറുകളോളം പെയ്ത മഴ പലരും നോക്കി നിന്ന് ആസ്വദിച്ചു.
രണ്ട് മുന്ന് ദിവസം മഴയുടെ അന്തരീക്ഷം നിലനിന്നിരുന്നെങ്കിലും തരക്കേടില്ലാതെ പെയ്തത് ഇന്ന് കാലത്താണ്. റോഡിലൂടെയും വഴിയിലൂടെയുമൊക്കെ വെള്ളം ഒഴുകാന്‍ തുടങ്ങി. വരണ്ടിരിക്കുന്ന പുല്നാമ്പ്കള്ക്ക് പുതുജീവന്‍ പകരുന്നതായി മഴ.
മിക്കയിടങ്ങളിലും കിണര്‍ വറ്റാറായ അവസ്ഥയിലാണ്. ഇതേ മഴ രണ്ട് മൂന്ന് ദിവസം തുടരുകയാണെങ്കില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടേണ്ടി വരില്ലെന്നാണ് കരുതുന്നത്.
ഉണങ്ങുന്ന അവസ്ഥയിലെത്തിയ കവുങ്ങ്, വാഴ, കുരുമുളക് വള്ളി, തെങ്ങിന് തൈകള്‍ മറ്റ് കാര്‍ഷികനടീല്‍ വസ്തുക്കള്‍ എന്നിവയക്ക് ഈ മഴ നേരിയ ആശ്വാസമായി. പണിയില്ലാതെ നില്ക്കുന്ന കര്‍ഷക തൊഴിലാളികള്‍ക്ക് എറെ ആശ്വാസം പകരുന്നതാണ് മഴ.
തെരഞ്ഞെടുപ്പ് തിരക്കിനിടയില്‍ മിക്കയിടത്തും മണ്ണിട്ട് നിലം നികത്താനുള്ള തിരക്കിലായിരുന്നു പലരും. കനത്ത മഴ വന്നാല്‍ അറിയാം വെള്ളം ഏതിലുടെയൊക്കെയാണ് ഒഴുകുക എന്നത്. മഴയില്‍ അന്തരീക്ഷം തണുത്തെങ്കിലും വടകരയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയാന്തരീക്ഷത്തിന്റെ ചൂട് മൂര്‍ഛിക്കുമോ എന്ന ആശങ്കയിലാണ് ജനം
-ആനന്ദന് എലിയാറ