കൊയിലാണ്ടി: മൃതദേഹത്തോട് പോലീസ് അനാദരവ് കാട്ടിയെന്ന് ബന്ധുക്കള്‍. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ഹൃദയാഘാതം മൂലം മരണപ്പെട്ട അരിക്കുളം കാരയാട് കരിമ്പില്‍ രാജന്റെ (58) മൃതദേഹം വിട്ടു നല്കാന് മേപ്പയ്യൂര്‍ പോലീസ് ഇടപെടാത്തതാണ് രോഷത്തിനിടയാക്കിയത്. ബന്ധുക്കള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ബഹളം വെച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് നെഞ്ച് വേദന അനുഭവപ്പെട്ട ഉടനെ രാജനെ ബന്ധുക്കള്‍ അരിക്കുളം പിഎച്ച്സിയില്‍ എത്തിക്കുകയുണ്ടായി. വിദഗ്ധ ചികിത്സക്ക് കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ ഡോക്ടര്‍ പരിശോധന നടത്തിയെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് 108 ആംബുലന്‍സില്‍ കോളജിലേക്ക് കൊണ്ടു പോകവെ വഴിയില്‍ വെച്ച് രാജന് മരണമടയുകയായിരുന്നു. രോഗിയുടെ കൂടെ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ മൃതദേഹവുമായി കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് തന്നെ തിരികെ വന്നു.
മരണം സ്ഥിരീകരിച്ച ഡോക്ടര്‍ മുതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്കി. ഒപ്പം മൃതശരീരം വിട്ടുനല്‍കാന്‍ പോലീസിന്റെ എന്‍ഒസി എത്തിക്കാനും നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ബന്ധുക്കള്‍ മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയങ്കിലും യാതൊരു നടപടിയും
കൈക്കൊണ്ടില്ലന്നാണ് പരാതി. പൊതു പ്രവര്‍ത്തകരായ വി.എം.ഉണ്ണി, എ.സി.ബാലകൃഷ്ണന് തുടങ്ങിയവരും മേപ്പയ്യൂര്‍ പോലീസില്‍ ബന്ധപ്പെട്ടെങ്കിലും എന്‍ഒസി നല്കാന് മേപ്പയ്യൂര്‍ പോലീസ് തയ്യാറായില്ല. ഇതോടെ ബന്ധുക്കളും നാട്ടുകാരും താലൂക്കാശുപതിയില്‍ ബഹളം വെച്ചു. ഇതറിഞ്ഞ സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് ബന്ധുക്കളെ ശാന്തരാക്കുകയായിരുന്നു.
ഉച്ചക്ക് ഒന്നരക്ക് മരണപ്പെട്ട രോഗിയുടെ മൃതദേഹത്തോട് പോലീസ് തികഞ്ഞ അനാദരവ് കാട്ടിയെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.രജനി, വാര്‍ഡ് മെമ്പര്‍മാരായ വിനിത, നിഷ തുടങ്ങിയവര്‍ കൊയിലാണ്ടി ആശുപത്രിയില്‍ എത്തിയിരുന്നു. കൊയിലാണ്ടിയിലെ മോര്‍ച്ചറിയില്‍ ഫ്രീസര്‍ ഇല്ലാത്തതിനാല്‍ പോലീസ് ഇടപെട്ട് മുതദേഹം രാത്രി എട്ടു മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് പോലീസാണ് മൃതദേഹം ഏറ്റെടുത്ത് കോഴിക്കോടേക്ക് കൊണ്ടുപോയത്.
ആശാ വര്‍ക്കര്‍ വസന്തയാണ് രാജന്റെ ഭാര്യ. മക്കള്‍: റിജേഷ്, റീഷ്മ, റിന്‍സി.
-സുധീര്‍ കൊരയങ്ങാട്