വടകര: ദേശീയപാത വികസനം കൈനാട്ടി-മീത്തലങ്ങാടി റോഡില്‍ സൃഷ്ടിച്ച അപാകതക്ക് താല്‍ക്കാലിക പരിഹാരം. ദേശീയ പാതക്ക് സമാനമായി മീത്തലങ്ങാടി റോഡിന്റെ ഉയരം കുറച്ചാണ് പരിഹാരം കാണുന്നത്.
നേരത്തേ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരനു നിവേദനം നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള മീത്തലങ്ങാടി റോഡ്, കൈനാട്ടി ജംഗ്ഷില്‍ നിന്ന് നല്ല ഉയരത്തിലായതിനാല്‍ വാഹനങ്ങള്‍ ദേശീയപാതയിലേക്ക് പ്രവേശിക്കാനും തിരികെ കയറാനും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. വലിയ വാഹനങ്ങള്‍ കുത്തനെയുള്ള കയറ്റം കയറാന്‍ കഴിയാതെ മടങ്ങി പോകുന്ന സ്ഥിതി പോലുമുണ്ടായി. റോഡിന്റെ അവസ്ഥ അപകടത്തിനു കാരണമാവുമെന്നു ചൂണ്ടിക്കാട്ടി പരിഹാരം തേടി നാട്ടുകാര്‍ രംഗത്തുവന്നിരുന്നു. ഉപരോധം ഉള്‍പെടെയുള്ള സമരത്തിന് ഡിവൈഎഫ്ഐ നീങ്ങുന്നതിനിടയിലാണ് റോഡിന്റെ ഉയരം കുറക്കുന്ന നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയത്.