വടകര: ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ് മുന്‍ നേതാവ്. കോണ്‍ഗ്രസ് നരിപ്പറ്റ മണ്ഡലം മുന്‍ സെക്രട്ടറി അബ്ദുല്‍ റഹീമാണ് പത്രിക നല്‍കിയത്. 2022 ല്‍ അബ്ദുല്‍ റഹീമിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രാദേശിക പ്രശ്നങ്ങളില്‍ ഡിസിസിയില്‍ നിന്നു നീതി ലഭിച്ചില്ലെന്നും സംസ്ഥാന നേതാക്കളോട് പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്നും ഇതിനോടുള്ള പ്രതിഷേധമാണ് സ്ഥാനാര്‍ഥിത്വമെന്നും റഹീം പറയുന്നു. വര്‍ഗീയ സ്വഭാവമുള്ളവര്‍ക്ക് പ്രമോഷനും ചോദ്യം ചെയ്തവര്‍ക്കെതിരെ നടപടിയുമെന്ന രീതിയാണ് ഡിസിസിക്കെന്നു റഹീം ആരോപിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഏകോപന ചുമതലയുമുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാത്രി വരെ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ലെന്നു റഹീം പറഞ്ഞു. നീതി കിട്ടാത്തതിനാലാണ് പത്രിക നല്‍കിയതെന്നും തനിക്ക് മേഖലയില്‍ പിന്തുണയുണ്ടെന്നും റഹീം അവകാശപ്പെടുന്നു.
അതേ സമയം നിരന്തരം പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയതിനാണ് ഡിസിസി അച്ചടക്ക നടപടി കൈക്കൊണ്ടതെന്നും അദ്ദേഹത്തിന്റെ നോമിനേഷന് ഒരു ചലനവും സൃഷ്ടിക്കില്ലെന്നും കോണ്‍ഗ്രസ് നരിപ്പറ്റ മണ്ഡലം നേതൃത്വം വ്യക്തമാക്കി.