വടകര: പുതുപ്പണം, കറുകയില്‍ പ്രദേശത്തുകാരുടെ യാത്രാ സൗകര്യം കണക്കിലെടുത്ത് മൂരാട് പാലത്തിനും പാലോളിപാലത്തിനുമിടയില് അനുമതിയായ റെയില്‍വെ അടിപ്പാതയുടെ നിര്‍മാണം ആരംഭിക്കണമെന്ന ആവശ്യം ശക്തം.
മുന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രന്റെയും ഇപ്പോഴത്തെ എംപി കെ.മുരളീധരന്റെയും ശ്രമഫലമായി അടിപ്പാതക്ക് അനുമതി കിട്ടിയെങ്കിലും പണി ആരംഭിക്കുന്നത് വൈകുകയാണ്. സേതുബന്ധന്‍ പദ്ധതിയില്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി കോണ്‍ഗ്രസ് പുതുപ്പണം മണ്ഡലം കമ്മിറ്റി കെ.മുരളീധരന് എംപിക്ക് നിവദേനം നല്കി. പ്രസിഡന്റ് സുധീഷ് വള്ളില്‍, മണ്ഡലം സിക്രട്ടറി വി.കെ സതീശന്, മുന്‍ കൗണ്‍സിലര്‍ സി.എച്ച്.വിജയന് എന്നിവരാണ് നിവേദനം നല്‍കിയത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന് കുരിയാടി, ഐഎന്‍ടിയുസി ജില്ല എക്സിക്യൂട്ടീവ് അംഗം വിനോദന്‍ കുറ്റിയില്‍ എന്നിവര്‍ സംബന്ധിച്ചു.