ന്യൂഡല്‍ഹി: റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ റായ്ബറേലി നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലമൊഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന യോഗത്തിന് ശേഷമാണ് അന്തിമ തീരുമാനം. വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കും.
സ്നേഹവും വാത്സല്യവും നല്കിയ വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി എന്നാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. രണ്ട് മണ്ഡലവുമായുള്ള ആത്മബന്ധം നിലനിര്‍ത്താന്‍ തന്നെയാണ് പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതെന്നും വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും മികച്ച അംഗമായി പ്രിയങ്ക മാറുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘കഠനിമായ സമയങ്ങളില്‍ എനിക്ക് പോരാടാന്‍ വയനാട്ടിലെ ജനങ്ങള്‍ ശക്തി പകര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അവിടെ പ്രിയങ്ക മത്സരിക്കാന്‍ പോകുന്നത്. വയനാട്ടിലെ എല്ലാ മനുഷ്യരോടും എനിക്ക് സ്നേഹമാണ്. വയനാടുകാര്‍ക്ക് ഇനി രണ്ട് എംപിമാര്‍ ലോക്സഭയില്‍ ഉണ്ടാകും. വയനാടുകാര്‍ക്കായി എന്നും ഞാന്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ്’-രാഹുല്‍ പറഞ്ഞു.
വയനാടും റായ്ബറേലിയും ഒരുപോലെ പ്രിയങ്കരം എന്ന് തന്നെയാണ് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചത്. പ്രിയങ്കയുടെ കന്നിയങ്കമാണ് വയനാട്ടിലേത്.