പേരാമ്പ്ര: വാര്ധക്യത്തോട് അടുക്കുമ്പോഴും വെറുതെ ഇരിക്കാന്‍ തയ്യാറല്ല ചങ്ങരോത്ത് സ്വദേശി രാധ. പല സ്ഥലത്തും ജോലി ചെയ്തെങ്കിലും സ്വന്തമായൊരു സംരംഭം, അതായിരുന്നു 58-കാരിയായ രാധയുടെ മനസ് നിറയെ. ഗ്രാമപഞ്ചായത്തും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഒപ്പം ചേര്‍ന്നപ്പോള്‍ രാധയുടെ സ്വപ്നം യാഥാര്‍ഥ്യമാവുകയായിരുന്നു.
പച്ചതേങ്ങ ശേഖരിച്ച് ഉണക്കി കൊപ്രയാക്കി മാറ്റുന്ന പിപി കൊപ്ര ഡ്രയര്‍ യൂനിറ്റാണ് രാധ ആരംഭിച്ചത്. എന്റെ ഗ്രാമം പ്രത്യേക തൊഴില്‍ദാന പദ്ധതിയിലൂടെയാണ് പറക്കുമീത്തല്‍ രാധ സംരംഭകയായി മാറിയത്. രാധയുടെ വീട്ടില്‍ സജ്ജീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനം ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വഹിച്ചു. എ.ആര്.അശ്വിന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്നതാണ് ‘എന്റെ ഗ്രാമം’ പ്രത്യേക തൊഴില്‍ദാന പദ്ധതി. ഒരു വില്ലേജില്‍ ഒരു ഗ്രാമ വ്യവസായം എന്ന ലക്ഷ്യമിട്ടാണ് ബോര്‍ഡ് സംസ്ഥാനത്തൊട്ടാകെ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം 25,000 രൂപ മുതല്‍ 25,00,000 രൂപവരെ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്ന കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗീകരിച്ച വ്യവസായ സംരംഭങ്ങള്‍ക്ക് ആകെ പ്രൊജക്ട് തുകയുടെ 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ സബ്സിഡിയും ലഭ്യമാകും. എസ്.സി/എസ്.ടി വിഭാഗം സംരംഭകര്‍ക്ക് 40 ശതമാനം സബ്സിഡി ലഭ്യമാകും. പദ്ധതിയില്‍ അപേക്ഷിക്കാവുന്ന പ്രൊജക്ടിന്റെ പരമാവധി പദ്ധതിച്ചെലവ് 5 ലക്ഷം രൂപയാണ്.