തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ജനവിരുദ്ധ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് തന്നെയാണ് ആവര്‍ത്തിക്കുന്നതെന്നും കൃത്യമായ നിയമനടപടികള്‍ ഇതിനെതിരെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ സിഎഎ നടപ്പാകില്ല എന്ന് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തത്. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതാണ് ഈ നിയമം. വിഭജന രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പില്‍ ലാഭം കൊയ്യാനുള്ള നടപടിയാണിത്. സിഎഎ ഇന്ത്യ എന്ന ആശയത്തിന് വെല്ലുവിളിയാണ്. ഭരണഘടന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണിത്. കുടിയേറ്റക്കാരെ മുസ്ലിം എന്നും അല്ലാതെയെന്നും വേര്‍തിരിക്കുന്നത് എങ്ങനെയാണ്. കുടിയേറിയ മുസ്ലിങ്ങളുടെ പൗരത്വം റദ്ദാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. സിഎഎ നടപ്പാക്കില്ല എന്ന് ആദ്യം നിലപാടെടുത്ത സംസ്ഥാനം കേരളമാണ്. ഇതിന്റെ ഭാഗമായി പ്രക്ഷോഭവും പ്രത്യേക സഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. ആര്‍എസ്എസിന്റെ അജണ്ടകള്‍ ഇവിടെ നടപ്പാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.