വടകര: വടകരയിലെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ പുറന്തോടത്ത് ഗംഗാധരന് ആദരവ് ചൊരിയാന്‍ കടത്തനാട് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗഹൃദകൂട്ടായ്മ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷം മെയ് അഞ്ചിന് വടകര ഡയറ്റ് ഹാളില്‍ (ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റര്‍) നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചെറുപ്രായത്തില്‍ തന്നെയുള്ള സംഘടനാപാടവം കണക്കിലെടുത്ത് മലയാള മനോരമയുടെ ബാലജനസഖ്യത്തിന്റെ മുഖ്യ സംഘാടകനായി നിയമിതനായ പുറന്തോടത്ത് ഗംഗാധരന് സമാനതകളില്ലാത്ത സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. മനോരമയില്‍ നിന്നു വിരമിച്ച ശേഷവും ഗംഗാധരന് തന്റെ ദൗത്യം തുടര്‍ന്നു. വടകരയിലെ കലാസാഹിത്യ സാംസ്കാരിക രംഗത്ത് സജീവമാവുകയും നിരവധി സംഘടനകളുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. സാഹിത്യവേദി, മഹാത്മദേശസേവാട്രസ്റ്റ്, സാംസ്കാരിക സ്ഥാപനങ്ങളുടെ കൂട്ടായ്മ, കടത്തനാട് കലാകായിക കളരി സംഘം, ചെറുശ്ശേരി സാഹിത്യോത്സവ സമിതി എന്നിവക്ക് ഊര്‍ജമേകി. പത്തുവര്‍ഷത്തോളം അദ്ദേഹം പ്രസിഡന്റായിരുന്ന കടത്തനാട് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന എണ്‍പതാം പിറന്നാള്‍ ആഘോഷം അഞ്ചാം തിയതി വൈകുന്നേരം 3.30ന് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വീരാന്‍കുട്ടി ആമുഖഭാഷണം നിര്‍വഹിക്കുന്ന ചടങ്ങില്‍ വടകരയിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ടി.ശ്രീനിവാസന്, തയ്യുള്ളതില്‍ രാജന്, വി.ടി.സദാനന്ദന്, മധു കടത്തനാട്, റസാഖ് കല്ലേരി എന്നിവര്‍ പങ്കെടുത്തു.