പുറമേരി: കാര്‍ഷിക മേഖലക്കും ആരോഗ്യ ശുചിത്വത്തിനും ഊന്നല്‍ നല്കി പുറമേരി പഞ്ചായത്ത് 2024-25 ബജറ്റ് അവതരിപ്പിച്ചു. കാര്‍ഷിക ഉത്പാദന മേഖലയ്ക്ക് ഒന്നേ മുക്കാല്‍ കോടിയും ആരോഗ്യ ശുചിത്വ മേഖലയ്ക്ക് ഒരുകോടി 57 ലക്ഷം രൂപയും വകയിരുത്തി. 43 കോടി രൂപ വരവും 42 കോടി 50 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സി.എം.വിജയന് അവതരിപ്പിച്ചു. തനത് വരുമാനം വര്‍ധിപ്പിക്കുന്നതിന് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുകൊണ്ട് തനത് ഫണ്ട് കൂടി ഉപയോഗപ്പെടുത്തി പുതിയ പഞ്ചായത്ത് ഓഫീസ് നിര്‍മാണം ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായി പഞ്ചായത്ത് നടപ്പിലാക്കും. എളയടം സബ് സെന്റര്‍ പൂര്‍ത്തീകരണത്തിന് 55 ലക്ഷം രൂപയും ഫിസിയോതൊറാപ്പി കെട്ടിടം പൂര്‍ത്തീകരണത്തിന് 30 ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതി പൂര്‍ത്തീകരണത്തിന് 75 ലക്ഷം രൂപയും വകയിരുത്തി. അങ്കണവാടി കെട്ടിടം പൂര്‍ത്തീകരണത്തിന് 16 ലക്ഷം, വനിതാ ശിശുക്ഷേമം 60 ലക്ഷം, റോഡ് ആസ്തികളുടെ മെയിന്റനന്‍സ് ഒരു കോടി 72 ലക്ഷം, നോണ്‍റോഡ് ആസ്തി നവീകരണം 40 ലക്ഷം, ദാരിദ്ര്യ ലഘൂകരണം 12 ലക്ഷം, മലയാടപ്പൊയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം രണ്ട് കോടി എന്നിങ്ങനെ ബജറ്റില്‍ വകയുത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സി.കെ.മീന, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.എം.വിജിഷ, ബീന കല്ലില്‍, എം.എം.ഗീത, മെമ്പര്‍മാരായ രവി കൂടത്താങ്കണ്ടി, കെ.എം.സമീര്‍, പി.ശ്രീലത, ടി.പി.സീന, എന്‍.ടി.രാജേഷ് എന്നിവര്‍ സംസാരിച്ചു.