വടകര: നാടിന്റെ കായിക സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിക്കൊണ്ട് ചിലരുടെ വാശിയുടെ പേരില്‍ പുത്തൂര്‍ മിനി സ്റ്റേഡിയത്തില്‍ കെട്ടിടം പണിയാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്ന് സ്റ്റേഡിയം സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡയറ്റ് കോമ്പൗണ്ടിലെ തകര്‍ന്ന് വീഴാറായ കെട്ടിടം പൊളിച്ച് മാറ്റിയും സ്റ്റേഡിയത്തിനു തൊട്ടടുത്ത് തന്നെയുള്ള 50 സെന്റിലധികം ഭൂമിയും ഉപയോഗപ്പെടുത്തി പുത്തൂര്‍ സ്കൂളിന് കെട്ടിടം പണിയാമെന്നിരിക്കെയാണ് കായിക വിരുദ്ധ നടപടിയുമായി നഗരസഭയും സ്കൂള്‍ അധികൃതരും മുന്നോട്ട് പോവുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. 26നാണ് പുത്തൂര്‍ സ്കൂളിന്റെ പുതിയ കെട്ടിടത്തിന് ശിലയിടുന്നത്.
വടകരയിലെ ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, അത്ലറ്റിക്സ് എന്നിവയുടെ വളര്‍ച്ചക്ക് വലിയ സംഭാവന നല്കിയ പുത്തൂര്‍ സ്റ്റേഡിയത്തില്‍ കെട്ടിടം പണിയുന്നത് സര്‍ക്കാരിന്റെ കായിക നയത്തിന് വിരുദ്ധമാണെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
മറ്റു സ്ഥലം ഉണ്ടെന്നിരിക്കെ സ്കൂള്‍ പിടിഎ കമ്മിറ്റി പിടിവാശി അവസാനിപ്പിക്കണമെന്നും സ്റ്റേഡിയം സംരക്ഷണ സമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
സ്റ്റേഡിയത്തില്‍ കെട്ടിടം നിര്‍മിക്കുന്നതിനെതിരെ രണ്ടര വര്‍ഷത്തിലേറെയായി സംരക്ഷണ സമിതി പ്രക്ഷോഭ രംഗത്താണ്. ഏറെ പരിശ്രമിച്ച് യാഥാര്‍ഥ്യമാക്കിയ സ്റ്റേഡിയം അതേപടി നിലനിര്‍ത്തി കെട്ടിടം പണിയുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ നാട്ടിലെ മുഴുവന്‍ ജനങ്ങളും കായിക താരങ്ങളും രംഗത്ത് വരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് 5 മണിക്ക് സ്റ്റേഡിയത്തില്‍ പ്രതിഷേധ കൂട്ടായ്മ നടക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റേഡിയം സംരക്ഷണ സമിതി ചെയര്മാന് പുറന്തോടത്ത് സുകുമാരന്‍, കണ്‍വീനര്‍ കെ.ടി.കെ.അജിത്ത്, എടയത്ത് ശ്രീധരന്, അനില്‍ കാഞ്ഞിരമുള്ളതില്‍, അക്ഷയ് സദാനന്ദന്, കെ.പി.ജിബിന്‍ എന്നിവര്‍ പങ്കെടുത്തു.