മേമുണ്ട: വില്ല്യാപ്പള്ളി വില്ലേജ് ഓഫീസിലെ വൈദ്യുതി ബന്ധം വിഛേദിച്ച് സാധാരണക്കാര്‍ക്ക് ദുരിതം സമ്മാനിച്ച കേരള സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ കോണ്‍ഗ്രസ് വില്യാപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു. കെകെ.അമീര്‍, ബാബു പാറേമ്മല്‍, രജീഷ് പുതുക്കുടി, പ്രശാന്ത് എം.ടി, അജ്മല്‍ മേമുണ്ട, ഷിജിന് കെ.എം, സുധീഷ് പി, സിദ്ധാര്‍ഥ്.പി.കെ, കരീം പാലോത്ത് എന്നിവര്‍ പ്രസംഗിച്ചു.
ബില്‍ അടക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് വില്ലേജ് ഓഫീസിലെ വൈദ്യുത ബന്ധം വിഛേദിച്ചത്. ആദ്യ ദിവസങ്ങളില്‍ ഇന്‍വര്‍ട്ടര്‍ സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി യാതൊരു പ്രവര്‍ത്തനവും നടക്കുന്നില്ല. വെള്ളമില്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് ശുചിമറിയില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥ. ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളുടെയും വൈദ്യുത ചാര്‍ജ് കലക്ടറേറ്റില്‍ നിന്ന് ഒന്നിച്ച് അടയ്ക്കുന്നതാണെങ്കിലും വില്യാപ്പള്ളി വില്ലേജില്‍ മാത്രം ഇങ്ങനെ വൈദ്യുതി ബന്ധം വിഛേദിച്ചതിന്റെ കാരണം വ്യക്തമല്ല. ഇനിയും വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുന്നറിയിപ്പു നല്കി.