വടകര: രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണാര്‍ഥം 14,15 തിയ്യതികളില്‍ വടകര മണ്ഡലത്തില്‍ വാഹന ജാഥ നടത്തുമെന്നു മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ഉമരി നയിക്കുന്ന പ്രചരണ ജാഥ 14 ന് ചോമ്പാല്‍ ഹാര്‍ബറില്‍ തുടങ്ങി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം 15ന് വൈകിട്ട് വടകര കോതി ബസാറില്‍ സമാപിക്കും.
ജനമുന്നേറ്റ യാത്ര 14ന് കാസര്‍കോട് നിന്ന് തുടങ്ങി മാര്‍ച്ച് ഒന്നിനു തിരുവനന്തപുരത്തെത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ എന്നിവര്‍ ജനമുന്നേറ്റ യാത്രയുടെ വൈസ് ക്യാപ്റ്റന്മാരായിരിക്കും. 19ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ എത്തിച്ചേരുന്ന ജനമുന്നേറ്റ യാത്രയില്‍ എസ്ഡിപിഐ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക് മുഖ്യാതിഥിയായി പങ്കെടുക്കും.
ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക, ഫെഡറലിസം കാത്ത് സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര.
വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല, മണ്ഡലം സെക്രട്ടറി കെ.കെ.ബഷീര്‍, മണ്ഡലം വൈസ് പ്രസിഡന്റ് റഹൂഫ് ചോറോട് എന്നിവര്‍ സംബന്ധിച്ചു.