പയ്യോളി: സമാന്തര സര്വീസിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക്. വടകരയില്‍ നിന്ന്
പയ്യോളി വഴി പേരാമ്പ്രക്കും കൊയിലാണ്ടിക്കും പോകുന്ന സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. സമരം യാത്രക്കാരെ കഷ്ടത്തിലാക്കി. ഉള്‍നാടുകളിലേക്ക് ബസുകള്‍ കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. ദേശീയപാതയില്‍ ദീര്‍ഘദൂര ബസുകളാണ് ആശ്രയം.
വ്യാഴാഴ്ച രാത്രി എട്ടോടെ തുറയൂരില്‍ പേരാമ്പ്ര-വടകര റൂട്ടിലോടുന്ന ‘ആരോമല്‍’ ബസ് ഡ്രൈവര്‍ പയ്യോളി സായ്വിന്റെ കാട്ടില്‍ രൂപേഷാണ് (37) ആക്രമിക്കപ്പെട്ടത്. ബസ് പേരാമ്പ്രയില്‍ നിന്ന് പയ്യോളിക്ക് വരവേ ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വിസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. ബസിന് കേട് വരുത്തുകയും ചെയ്തു. പ്രതികള്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. സമാന്തര സര്‍വീസ് തടയണമെന്നും ബസ് ജീവനക്കാര്‍ക്ക് സുരക്ഷയൊരുക്കണമെന്നും
തൊഴിലാളികള്‍ പറഞ്ഞു.