കോഴിക്കോട്: ജില്ലയില്‍ മഞ്ഞപ്പിത്ത പ്രതിരോധം ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തത്തിനെ കുറിച്ച് ജനാവബോധം ഉണ്ടാക്കുന്നതിന് വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.
മലിനമായ വെള്ളം, ഭക്ഷണം എന്നിവ ഉപയോഗിക്കുന്നത് വഴിയും മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയുമാണ് രോഗം പകരുന്നത്. ഹോട്ടലുകളിലും വിവാഹ സല്‍ക്കാരങ്ങളിലും മറ്റും ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസിലൂടെയും സെപ്റ്റിക് ടാങ്കിലെ ചോര്‍ച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും രോഗം പടരാന്‍ സാധ്യതയുണ്ട്. അമിതമായ ക്ഷീണം, പനി, വയറുവേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്. രക്ത പരിശോധനയുടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കേണ്ടതാണ്.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കല്‍, ചൂടുവെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കാതിരിക്കല്‍, കിണറുകളും കുടിവെള്ള സ്രോതസ്സുകളും നിശ്ചിത ഇടവേളകളില്‍ ക്ലോറിനേഷന് നടത്തല്‍, ആഹാരത്തിനു മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പിട്ട് കഴുകല്‍, രോഗികളുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കല്‍, രോഗി ഉപയോഗിക്കുന്ന പാത്രങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കല്‍ തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഡിഎംഒ പറഞ്ഞു.