അഴിയൂര്‍: ചോമ്പാല പോലീസ് സ്റ്റേഷന് പരിധിയില്‍ മാഹി റെയില്‍വേ സ്റ്റേഷനടുത്ത് തമിഴ്നാട് സ്വദേശി സുധാകരനെ (32) മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. റെയില്‍വേ സ്റ്റേഷന് പരിസരത്ത് മരിച്ചനിലയില്‍ കണ്ട സുധാകരന്റെ കൂടെയുണ്ടായിരുന്ന ആളാണ് കൊല നടത്തിയതെന്ന നിഗമനത്തില്‍ ഇയാളുടെ ഫോട്ടോ സഹിതമാണ് ലുക്കൗട്ട് ഇറക്കിയത്.
റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിര്‍മാണ പ്രവൃത്തി നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി സ്ഥാപിച്ച സിസിടിവി ക്യാമറയില്‍നിന്ന് ലഭിച്ച കൊലപാതകിയുടേതെന്ന് കരുതുന്ന ചിത്രമാണ് പോലീസ് പുറത്തുവിട്ടത്.
സുധാകരന്റെ മരണത്തിന് പിന്നാലെ മരിച്ചനിലയില്‍ കണ്ട സ്ത്രീയുടേതും കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടെയുണ്ടായിരുന്ന ആളാണ് കൊല നടത്തിയതെന്ന നിഗമനത്തില്‍ ഇയാളെ കണ്ടെത്താനും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മരണപ്പെട്ട രണ്ട് പേര്ക്കുമൊപ്പമുണ്ടായിരുന്നവരാണ് കൊല നടത്തി മുങ്ങിയതെന്നാണ് പോലീസ് വിലയിരുത്തല്‍.
കൊല നടത്തിയ ആളെ കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഉള്‍പ്പെടെ പോലീസ് ലുക്കൂട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.
ഇതോടൊപ്പം അഴിയൂരില്‍ പൊളിച്ച് മാറ്റിയ കടയ്ക്ക് അകത്തുനിന്ന് തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ ഫോറന്‍സിക് ഫലം വൈകുന്നത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. കൊയിലാണ്ടി സ്വദേശി യുവാവിന്റെതാണ് തലയോട്ടിയെന്നാണ് വിലയിരുത്തല്‍. യുവാവിന്റെ ബന്ധുക്കളില്‍നിന്ന് ഡിഎന്‍എ പരിശോധനക്കെടുത്തിരുന്നു. എന്നാല്‍ ഫോറന്‍സിക് ഫലം അനന്തമായി നീളുകയാണ്.