വടകര: മണിയൂര്‍ പഞ്ചായത്തിലെ കരുവഞ്ചേരിയില്‍ കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് സെക്രട്ടറി മുതുവീട്ടില്‍ ബാബുവിന്റെ വീടിനു ബോംബറിഞ്ഞ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 13-ാം തിയതി വ്യാഴാഴ്ച പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് യുഡിഎഫ്-ആര്‍എംപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കഴിഞ്ഞ എട്ടിന് രാത്രിയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ബാബുവിന്റെ വീടിനു ബോംബെറിഞ്ഞത്. ബോംബ് പതിച്ച ചുമരിന്റെ തൊട്ടടുത്ത ജനലിനോട് ചേര്‍ന്ന മുറിയില്‍ ബാബുവിന്റെ മകനായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണുവിന്റെ ഭാര്യയും ഒരു വയസ് മാത്രമുള്ള കുഞ്ഞും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഇത്തിരി മാറിയാണ് ബോംബ് പതിച്ചതെങ്കില് വലിയ അപകടം സംഭവിക്കുമായിരുന്നു. തലനാരിഴക്കാണ് അമ്മയും കുഞ്ഞും രക്ഷപ്പെട്ടത്. നാടിനെ നടുക്കിയ ബോംബേറില്‍ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊതുവില്‍ രാഷ്ട്രീയ അക്രമങ്ങള്‍ കുറഞ്ഞ പ്രദേശമാണ് മണിയൂര്‍ പഞ്ചായത്ത്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കുകയാണ് ചില ക്രിമിനലുകള്‍. ഈ സംഭവത്തില്‍ കൃത്യമായ പ്ലാനിങ്ങും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
മാര്‍ച്ച് 10ന് വടകരയില്‍ ഷാഫി പറമ്പില്‍ സ്ഥാനാര്‍ഥിയായി ആദ്യമെത്തിയ ദിവസം ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ആവേശത്തില്‍ നിഷ്കളങ്കമായി വിളിച്ച ഒരു മുദ്രാവാക്യത്തിന്റെ പേരില്‍ തുടങ്ങിയ സൈബര്‍ ആക്രമണവും നിരന്തരമായ ഭീഷണിയുമാണ് ഈ ബോംബേറില്‍ കലാശിച്ചത്. കോവിഡ് കാലത്ത്, ആരോഗ്യവകുപ്പില്‍ നടന്ന അഴിമതിയെ ഓര്‍മിപ്പിച്ച് ‘ കോവിഡ് കള്ളിയെ ഓടിക്കും മട്ടന്നൂര്‍ക്ക് പറപ്പിക്കും’ എന്ന മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരന് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത ഭീഷണിയും ആക്രമണങ്ങളുമാണ്. തെരഞ്ഞെടുപ്പ് കാലത്ത് വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏറ്റവും സജീവമായ ചര്‍ച്ചാവിഷയമായിരുന്നു കോവിഡ് കാലത്തെ അഴിമതി. എന്നാല്‍ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയയിലും നിരന്തരമായ ഭീഷണി ഉണ്ടായി. അന്നുതന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല എന്നതാണ് ഇപ്പോള്‍ വീടിന് ബോംബെറിയാന്‍ ഈ ക്രിമിനലുകള്‍ക്ക് പ്രചോദനമായത്. സംഭവത്തില്‍ പ്രതികളായ മുഴുവന്‍ പേരെയും ഉടന്‍ അറസ്റ്റ് ചെയ്തു നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും ഈ ആവശ്യം ഉന്നയിച്ചാണ് സമരമെന്നും നേതാക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ പത്തിന് നടക്കുന്ന പോലീസ് സ്റ്റേഷന് മാര്‍ച്ച് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഭരണ സ്വാധീനത്തിന് വഴങ്ങി പ്രതികളെ സംരക്ഷിക്കുന്ന സ്ഥിതിയുണ്ടായാല്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സി.പി. വിശ്വന്, എം.കെ.ഹമീദ്, ചാലില്‍ അശ്റഫ്, പി.സി.ഷീബ, പറമ്പത്ത് കുഞ്ഞബ്ദുല്ല, വിജിത്ത് ലാല്‍, എന്‍.സജീവന് തുടങ്ങിയവര്‍ പങ്കെടുത്തു.