കോഴിക്കോട്: ആര്‍എംപിഐ നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു. എക്സ്പ്ലോസീവ് സബ്സ്റ്റാന്‍സ് ആക്റ്റ് 3, 5 വകുപ്പുകള്‍ പ്രകാരം ആണ് കേസ്. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. മാരകമായ സ്ഫോടക വസ്തുക്കള്‍ അല്ല ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്ക് സാമ്പിള്‍ അയച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരുകയാണ്.
അതേസമയം രാത്രി തന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നു ഹരിഹരന് ആരോപിച്ചു. സിപിഎം അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്ന് ഹരിഹരന് പറഞ്ഞു. ആക്രമണത്തിന് മുമ്പ് വീടിന് സമീപത്ത് കണ്ട വാഹനം വടകര രജിസ്ട്രേഷനിലുള്ളതാണെന്നും എന്നാല്‍ ഇത് ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് ഹരിഹരന് പറയുന്നത്.
ഇന്നലെ രാത്രി 8.15 ഓടെയാണ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. സ്ഫോടകവസ്തു മതിലില്‍ തട്ടി പൊട്ടി തെറിച്ചു. പോലീസ് ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തി.