നാദാപുരം: കാറിന്റെ പിന്നിലെ ഡോറുകളിലിരുന്ന് യുവാക്കളുടെ സാഹസിക യാത്ര. കുതിച്ചുപായുന്ന കാറില്‍ ആടിപ്പാടിയുള്ള യാത്ര കണ്ട് ആളുകള്‍ പകച്ചുപോയി. കാറിന്റെ പിന്നിലെ വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അധികാരികള്‍ രംഗത്തെത്തി.
വ്യാഴാഴ്ച വൈകീട്ട് കല്ലാച്ചി-വളയം റോഡിലൂടെയായിരുന്നു അപകടകരമായ യാത്ര. തിരക്കുള്ള റോഡിലൂടെ കുതിച്ച വാഹനത്തിന്റെ ഇരുഭാഗത്തേയും പിന് ഡോറുകളില്‍ ഇരുന്ന് യുവാക്കള്‍ തല പുറത്തിട്ടും നിന്നും ആടിപ്പാടുകയായിരുന്നു. സംഭവത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്. വാഹന ഉടമയെ കണ്ടെത്തിയെന്നാണ് വിവരം. വടകര രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് യുവാക്കള്‍ സാഹസിക യാത്രനടത്തിയത്.