വടകര: പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിനോട് ചേര്‍ന്ന മിനി സ്റ്റേഡിയത്തില്‍ കെട്ടിടം പണിയാനുള്ള നീക്കത്തിനെതിരെ സ്റ്റേഡിയം സംരക്ഷണ സമിതി നാളെ (ഞായര്‍) നടത്തുന്ന പ്രതിഷേധ കൂട്ടായ്മക്ക് പോലീസിന്റെ വിലക്ക്. നഗരസഭാ ചെയര്‍പേഴ്സന്റെ നിര്‍ദേശപ്രകാരം സെക്രട്ടറിയും സ്കൂള്‍ പ്രിന്‍സിപ്പാളും വടകര പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രതിഷേധ പരിപാടി നടത്തരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. സംരക്ഷണ സമിതി നേതാക്കളെ കണ്ട് സ്റ്റേഡിയത്തിലെ പ്രതിഷേധ പരിപാടിയില്‍ നിന്ന് പിന്മാറണമെന്ന് പോലീസ് നിര്‍ദേശിച്ചു.
നാളത്തെ പ്രതിഷേധ കൂട്ടായ്മയില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്നത് കണ്ടാണ് പ്രതിഷേധത്തിന് തടയിടാന്‍ നഗരസഭ തന്നെ രംഗത്തിറങ്ങിയത്. എന്നാല്‍ പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകാനാണ് സ്റ്റേഡിയം സംരക്ഷണ സമിതിയുടെ തീരുമാനം.