തോടന്നൂര്‍: പിണറായി വിജയന് വീണ്ടും മോദിയെ അധികാരത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംപി. മോദിയെ ഭരണത്തില്‍ എത്തിച്ചാല്‍ മത്രമേ പിണറായിക്കും മകള്‍ക്കും സമാധാനമുണ്ടാകുകയുള്ളൂവെന്ന് മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് കമ്മറ്റി തോടന്നൂര്‍ എംഎല്‍പി സ്കൂളില്‍ ബൂത്ത് പ്രസിഡന്റുമാര്‍ക്കും ബൂത്ത് ബിഎല്‍എമാര്‍ക്കും നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ന്യൂനപക്ഷ പ്രീണനം പിണറായിയുടെ വാക്കുകളില്‍ മാത്രമാണ്. പൗരത്വ ബില്ലിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാതെ അതിന്റെ പേരില്‍ നൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണ്. ഇതില്‍ നിന്നു വ്യക്തമാണ് ബിജെപിയോടുള്ള പ്രീണനം. കേരളഭരണം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണന്നും വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണന്നും കെ.മുരളീധരന് പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ കെ.ടി.ജയിംസ്, അഡ്വ. പ്രമോദ് കക്കട്ടില്‍, ബാബു ഒഞ്ചിയം, രാധാകൃഷ്ണന് കാവില്‍, അച്യുതന് പുതിയേടുത്ത്, സവിത മണക്കുനി, എടവത്ത്കണ്ടി കുഞ്ഞിരാമന്, സി.പി.വിശ്വനാഥന്, വി.കെ.ഇസ്ഹാഖ്, സി.വി.ഹമീദ്, രമേശ് നൊച്ചാട്ട് എന്നിവര്‍ സംസാരിച്ചു.