വടകര: ഓര്‍ക്കാട്ടേരി കച്ചേരി മൈതാനം കൈയേറി ഏറാമല ഗ്രാമപഞ്ചായത്ത് കെട്ടിടം പണിയുന്നുവെന്ന ബാലിശമായ ആരോപണം ഉന്നയിച്ച് സിപിഎമ്മും ബിജെപിയും രംഗത്ത് വന്നത് പുതിയ വികസന വിരുദ്ധ രാഷ്ട്രീയമാണെന്നും ഇതിനെ ജനം തിരിച്ചറിയുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്തിന്റെ കൈവശമുളള കച്ചേരി മൈതാനം സംരക്ഷിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. മൈതാനിയോട് ചേര്‍ന്ന് വയോജന റിക്രിയേഷന്‍ സെന്റര്‍ പദ്ധതിയുമായി മുന്നോട്ട്പോകുമ്പോഴാണ് അനാവശ്യ വിവാദവുമായി സിപിഎമ്മും ബിജെപിയും രംഗത്തുവരുന്നത്. കെട്ടിടം പണിയുന്നത് ക്ഷേത്രഭൂമിയിലാണെന്നാണ് ബിജെപി നിലപാട്. എന്നാല്‍ ഈ ഭൂമി നിലവില്‍ പഞ്ചായത്ത് കൈവശമാണ് എന്നതിന് രേഖയുണ്ടെന്നു പ്രസിഡന്റ് വ്യക്തമാക്കി. ഏറാമല വില്ലേജ് ബിടിആര്‍ രേഖ 77/30 ഏറാമല ഗ്രാമപഞ്ചായത്ത് എന്ന പേരില്‍ സബ്ഡിവിഷന് ചെയ്തിട്ടുണ്ട്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഈ ഭൂമി വര്‍ഷങ്ങള്‍ക്ക് മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ പഴയ 2 കിണര്‍, ഒരു കുടിവെളള ടാങ്ക്, മൃഗകുത്തിവെപ്പ് കേന്ദ്രം എന്നിവ നിലനിന്നിരുന്ന സ്ഥലമാണിത്. ഓര്‍ക്കാട്ടേരി ടൗണ്‍ കുടിവെളള പദ്ധതി നിലവില്‍ വന്നതിനുശേഷം ടാങ്ക് ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങളായി. കുന്നുമ്മക്കരയില്‍ പഞ്ചായത്ത് മൃഗാശുപത്രി വന്നതോടെ മൃഗകുത്തിവെപ്പ് കേന്ദ്രം പൊളിഞ്ഞുവീണു. ഈ സ്ഥലം മാലിന്യകൂമ്പാരമായി നില്‍ക്കുന്നത് തടയാനും ക്ഷേത്രോത്സവം ഉള്‍പ്പെടെ നടക്കുന്ന സ്ഥലം വയോജനസൗഹൃദമാക്കാനും പഴയ
ഭരണസമിതി വിഭാവനം ചെയ്ത പദ്ധതി നവീകരിക്കുകയാണ് പുതിയ ഭരണസമിതി ചെയ്യുന്നത്.
വയോജനങ്ങള്‍ക്ക് കൂടി ഉപയോഗപ്രദമായ രീതിയില്‍ കച്ചേരി മൈതാനം വിനോദകേന്ദ്രമാക്കാനും ഓര്‍ക്കാട്ടേരി ടൗണിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിശ്രമിക്കാനും ഉതകുന്ന ഇരുനില കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. കെ.കെ.രമ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷവും പഞ്ചായത്തിന്റെ വിഹിതമായ 32 ലക്ഷവും ചേര്‍ത്ത് 52 ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചത്. ആധുനിക സമൂഹം ആഗ്രഹിക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് വികസനത്തിന് തടസം നില്‍ക്കുകയാണ് സിപിഎമ്മും ബിജെപിയും ചെയ്യുന്നത്.
വയോജന റിക്രിയേഷന്‍ സെന്റര്‍ പണിയുന്നതിന് കഴിഞ്ഞ വര്‍ഷം മെയിലാണ് തറക്കല്ലിട്ടത്. സിപിഎമ്മിന്റെ നേതാക്കള്‍ ഉള്പെടെയുള്ളവര് ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മാത്രമല്ല പഞ്ചായത്ത് ഭരണസമിതിയിലോ ഗ്രാമസഭകളിലോ വികസന സമിതികളിലോ ഇത്ര കാലമായിട്ടും ആരും എതിരഭിപ്രായം രേഖപ്പെടുത്തിയിട്ടുമില്ല. ഇപ്പോള്‍ നിര്‍മാണം പ്രവൃത്തി ആരംഭിച്ചപ്പോഴാണ് ബാലിശമായ വാദവുമായി രംഗത്തുവരുന്നത്. നിര്‍മാണം തടസപ്പെടുത്തുന്ന നിലപാടിനെതിരെ കോടതിയെ സമീപിച്ചതായും വയോജന റിക്രിയേഷന്‍ സെന്റര്‍ നിര്‍മാണവുമായി മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പറമ്പത്ത് പ്രഭാകരന്, മെമ്പര്‍മാരായ കെ.ദിപുരാജ്, ടി.കെ പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു