ചോറോട്: റംസാൻ- വിഷു ഉത്സവങ്ങൾ പ്രമാണിച്ച് അവശ്യ സാധനങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാകാറുള്ള ഉത്സവചന്തകൾ വിലക്കണമെന്നാവശ്യപ്പെട്ടുകൊണ് ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സാധാരണക്കാരായ മലയാളികളുടെ അന്നം മുടക്കിയ കോൺഗ്രസ്- ബി ജെ പി കക്ഷികളുടെ ദുഷ്ടബുദ്ധിയെ പൊതുജനം തിരിച്ചറിയുമെന്നും ആർ ജെ ഡി
ചോറോട് പഞ്ചായത്ത് നേതൃതല സ്പെഷ്യൽ കൺവെൻഷൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ കാലങ്ങളായി സാധാരണക്കാർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആശ്വാസമാണ് ഉത്സവച്ചന്തകളിലെ വിലക്കുറവ്. തിരഞ്ഞെടുപ്പ് കാലത്ത് അത് മുടക്കിയാൽ ജനം സംസ്ഥാന സർക്കാറിനെതിരാവുമെന്ന വക്രചിന്തയാണ് കോൺഗ്രസ്- ബി ജെ പി കേന്ദ്രങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ പ്രേരിപ്പിച്ചത്. സർക്കാർ ഉത്സവച്ചന്തകൾ നടത്തുന്നത് പുതിയ കാര്യമല്ല.നിയമസഭ അംഗീകരിച്ച് പാസാക്കിയ ബജറ്റിൽ പതിവുപോലെ സഹകരണച്ചന്തകൾ നടത്താനുള്ള പണവും വകയിരുത്തിയിട്ടുണ്ട്. പത്ത് ശതമാനം മുതൽ മുപ്പത് ശതമാനം വരെ വിലക്കുറവാണ് ഇത്തരം ഉത്സവച്ചന്തകളിൽ സാധനങ്ങൾക്ക് ലഭിക്കാറ്. സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ താല്പര്യങ്ങളെ പരിഗണിക്കാതെ പ്രതിപക്ഷപാർട്ടികളുടെ വാദം മാത്രം മുഖവിലക്കെടുത്ത് ഉത്സവച്ചന്തകൾക്ക് അനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കേരളത്തിലെ സാധാരണ ജനസമൂഹത്തോടുള്ള നീതിനിഷേധമാണെന്നും സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കണമെന്നും ആർ ജെ ഡി സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു. വടകരയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി
കെ കെ ശൈലജ ടീച്ചർക്ക് വോട്ടുതേടി ‘വോട്ടു ടീച്ചർക്ക്- നേട്ടം വടകര ക്ക്’ എന്ന മുദ്രാവാക്യവുമായി ഒരു പദയാത്ര നടത്താനും കൺവെൻഷൻ തീരുമാനിച്ചു.
ആർ ജെ ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ പി ദാമോദരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് നാഗപ്പള്ളി, ചോറോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, കെ.ടി.കെ ചന്ദ്രൻ, സുരേഷ് പൊന്നമ്പത്ത്, എൻ.കെ അജിത്കുമാർ, കെ.എം ഷൈജൻ, സി.കെ അനിത, പ്രേമൻ കൊട്ടാരത്ത്, സി എസ്സ് ജിതിൻ, എൻ എം
നാരായണൻ, പി ടി തങ്കമണി, എൻ.എം പ്രകാശൻ, വി കെ രാഘവൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.എം നാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.പി പവിത്രൻ സ്വാഗതം പറഞ്ഞു.