വടകര: യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ വടകരയിലെത്തിയ പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെ വരവേറ്റത് ജനസാഗരം. വൈകുന്നേരം പുതിയ സ്റ്റാന്റില്‍ നിന്ന് യുഡിഎഫ് മണ്ഡലം കണ്വന്ഷന് കേന്ദ്രമായ കോട്ടപ്പറമ്പിലേക്ക് ഷാഫി പറമ്പിലിനെ ആയിരങ്ങള്‍ ആനയിക്കുകയായിരുന്നു. അത്രമാത്രം ആളുകള്‍ ഒഴുകി എത്തി. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും
കൊടികള്‍ ഉയര്‍ത്തി പ്രവര്‍ത്തകര്‍ ഷാഫിയെ വടകരയിലേക്ക് സ്വാഗതം ചെയ്തു. കാവടിയാട്ടം, ശിങ്കാരിമേളം, കോല്‍ക്കളി,ദഫ്മുട്ട്
എന്നിവ സ്വീകരണത്തിന്റെ മാറ്റുകൂട്ടി. ഷാഫിയുടെ കട്ടൗട്ടുകളും ബോര്‍ഡുകളും കൊടികളും വീശിയായിരുന്നു വരവേല്പ്.
തുറന്ന ജീപ്പില്‍ ഷാഫി പറമ്പിലും നേതാക്കളും ജനങ്ങള്‍ക്കിടയിലൂടെ നീങ്ങാന്‍ ഏറെ ബുദ്ധിമുട്ടി. രാഹുല്‍ മാങ്കൂട്ടത്തില്‍, വി.ടി.ബല്‍റാം, ടി.സിദ്ദീഖ്, പി.സി.വിഷ്ണുനാഥ്, പി.കെ.ഫിറോസ്, കെ.പ്രവീണ്‍കുമാര്‍, കെ.കെ.രമ, എം.കെ.രാഘവന്, പാറക്കല്‍ അബ്ദുള്ള എന്നിവര്‍ക്കൊപ്പം നീങ്ങിയ
ഷാഫിയെ പ്രവര്‍ത്തകര്‍ പൂമാലയിട്ടും മുദ്രാവാക്യംവിളിച്ചും വരവേറ്റു.
വൈകുന്നേരം നാലിന് എത്തുമെന്ന് അറിയിച്ചതിനാല്‍ മൂന്ന് മണിക്കേ പുതിയ സ്റ്റാന്റ് പരിസരം യുഡിഎഫ് പ്രവര്‍ത്തകരാല്‍ നിറഞ്ഞിരുന്നു. സമയം പിന്നിടുന്തോറും നഗരം ജനബാഹുല്യത്താല്‍ വീര്പുമുട്ടി. ആറു മണിയോടെയാണ് ഷാഫിയും നേതാക്കളും വടകര തൊട്ടത്. ഇതോടെ പ്രവര്‍ത്തകര്‍ ഇളകിമറിയുകയായിരുന്നു. പ്രവര്‍ത്തകരെ ആവേശംകൊള്ളിച്ചുകൊണ്ട് ഷാഫി പറമ്പില്‍ മുദ്രാവാക്യം വിളിച്ചു. യുഡിഎഫ് സിന്ദാബാദെന്നും വടകര വിട്ടുതരില്ലെന്നും ഷാഫി മുദ്രാവാക്യം വിളിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ ഏറ്റുവിളിച്ചു.