തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാര്‍ച്ച് 31 വരെ ഒഴിവാക്കിയതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. വസ്തു നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വസ്തുനികുതി കുടിശിക അടച്ചുതീര്‍ക്കുന്നതിന് പരമാവധി പേര്‍ക്ക് ഈ ഇളവ് സഹായിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും. ഇതിനകം തന്നെ വസ്തുനികുതിയോടൊപ്പം പിഴപ്പലിശ അടച്ചവര്‍ക്ക് അടുത്ത വര്‍ഷത്തെ വസ്തുനികുതിയില്‍ ഈ തുക ക്രമീകരിച്ചു നല്‍കുന്നതാണ്.
ഈ വര്‍ഷത്തെ മാത്രമല്ല, മുന്‍വര്‍ഷങ്ങളിലെ വസ്തുനികുതി കുടിശികയും പിഴപ്പലിശ ഇല്ലാതെ അടയ്ക്കാനാവും. വര്‍ഷങ്ങളായി നികുതി അടയ്ക്കാതെ വലിയ തുക കുടിശിക വരുത്തിയവരുണ്ട്. ഇത്തരക്കാര്‍ക്കും ഈ സൗകര്യം പ്രയോജനകരമാണ്.
ആറ് മാസത്തിലൊരിക്കലാണ് നിലവില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വസ്തുനികുതി അടയ്ക്കേണ്ടത്. നിശ്ചിത സമയത്തിനകം നികുതി ഒടുക്കിയില്ലെങ്കില്‍ മാസം രണ്ട് ശതമാനം എന്ന നിരക്കില്‍ പിഴപ്പലിശ ചുമത്തുന്നു. ഈ തുകയാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയിരിക്കുന്നത്.