അഴിയൂര്‍: പഴക്കം ചെന്ന കെട്ടിടത്തിന് മുകളില്‍ കൂറ്റന്‍ ഷീറ്റിട്ട സംഭവത്തില്‍ നാട്ടുകാരുടെ പരാതിയില്‍ നടപടിക്ക് അഴിയൂര്‍ ഗ്രാമപഞ്ചായത്ത്. ഷീറ്റ് പൊളിച്ചുമാറ്റാന്‍ ഉടമകള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്കി. ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് പഞ്ചായത്ത് അനുമതി ഇല്ലാതെ വലിയ ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ച് ഷീറ്റിടുകയും മൂന്ന് ഭാഗം മറക്കുകയും ചെയ്തതെന്ന പരാതി ഉയര്‍ന്നത്. നാല്പത് വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന് മുകളിലാണ് പരിസരവാസികള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തില്‍ ഷീറ്റിട്ടത്. കാറ്റടിച്ചാല്‍ അപകടസാധ്യത ഏറെയാണെന്നാണ് നാട്ടുകാരുടെ പരാതി. കെട്ടിട നിര്‍മാണ ചട്ടം പാലിക്കാതെയാണ് ഇത് ചെയ്തത്. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ പഞ്ചായത്തില്‍ നല്കിയ പരാതിയിലാണ് ഷീറ്റുകള്‍ ഉടന്‍ പൊളിച്ച് മാറ്റാന്‍ സെക്രട്ടറി നോട്ടീസ് നല്‍കിയത്. ഒരാഴ്ചക്കുള്ളില്‍ നടപടി കൈക്കൊള്ളാനാണ് നിര്‍ദേശം.
ഇവിടെ പിഡബ്ല്യുഡിയുടെ ഡ്രെയിനേജ് പൊളിച്ച് പൈപ്പിട്ടതായും പരാതിയുണ്ട്. ഇത് സംബന്ധിച്ച് വടകര പിഡബ്ല്യുഡി അധികൃതര്‍ക്കാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.