വടകര: ഓര്‍ക്കാട്ടേരി ശ്രീ അയ്യപ്പ ക്ഷേത്രം നവീകരണകലശം 17 ന് തുടങ്ങുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാറോളി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയും പുരുഷോത്തമന് നമ്പൂതിരിയും മുഖ്യകാര്‍മികത്വം വഹിക്കുന്ന കലശം ആറു ദിവസം നീണ്ടുനില്‍ക്കും. ഇതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ അരങ്ങേറും. 17-ന് വൈകുന്നേരം അഞ്ചിന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയരക്ടര്‍ ഡോ.പീയൂഷ് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ടി.എന്‍.കെ.ശശീന്ദ്രനെ ആദരിക്കും.
രാത്രി എട്ടിന് പാനൂര്‍ വാഗ്ഭടാനന്ദ വനിതാ കോല്‍ക്കളിസംഘം കോല്‍ക്കളി അവതരിപ്പിക്കും. 18-ന് രാത്രി എട്ട് മണിക്ക് കുനിയില്ലത്ത് കേശവന് നമ്പൂതിരിയുടെ പ്രഭാഷണം, ഒമ്പതിന് കലാമണ്ഡലം മഹേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, 19-ന് എട്ടിന് രമേശ് സുദര്ശനത്തിന്റെ പ്രഭാഷണം, ഒമ്പതിന് വെള്ളികുളങ്ങര ശിവക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന കാവടിചിന്ത് പാട്ട്, തിരുവാതിരക്കളി, കൈകൊട്ടിക്കളി, 20-ന് എട്ടിന് പ്രഭാഷണം, ഒമ്പതിന് സുരഭി രാജശ്രീയും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്, 21-ന് 7.30-ന് ഭജന തുടങ്ങിയവ നടക്കും. 22-ന് വൈകീട്ട് ആറിന് സമാപന പരിപാടി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിനു ഭക്തിഗാനസുധ.
വാര്‍ത്താസമ്മേളനത്തില്‍ മനോജന് ശ്രുതി, കണ്ടോത്ത് നാരായണന്, എം.കെ.കുഞ്ഞിരാമന്, എം.പി.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.