തിരുവനന്തപുരം: വയനാട്ടിലേക്ക് ചുരമില്ലാത്ത റോഡിനായി പ്രവര്‍ത്തിക്കുമെന്ന് നിയുക്തമന്ത്രി ഒ.ആര്.കേളു. വയനാട്ടില്‍ സങ്കീര്‍ണമായ പ്രശ്നങ്ങളുണ്ട്. വയനാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഒ.ആര് കേളു മാധ്യമങ്ങളോട് പറഞ്ഞു.
‘വയനാട്ടില്‍ കാലാനുസൃതമായി നിരവധി വികസനം വന്നിട്ടുണ്ട്. വന്യമൃഗശല്യവും ചുരമില്ലാത്ത റോഡില്ലാത്തതും രാത്രികാല യാത്രാ നിരോധനവുമടക്കം നിരവധി സങ്കീര്‍ണമായ പ്രശ്നങ്ങളുണ്ട്. ഇക്കാര്യത്തില്‍ നന്നായി ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നുണ്ട്. ആദിവാസികള്‍ക്ക് വേണ്ടി ഒട്ടേറെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തിയ സര്‍ക്കാരാണിത്. ആദിവാസി വിഭാഗത്തെ കാര്‍ഷിക മേഖലയില്‍ തന്നെ തളച്ചിടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കാലഘട്ടത്തിനനുസരിച്ച് അവരെ പൊതുസമൂഹത്തോടൊപ്പം ഉയര്‍ത്തിവിടാനുള്ള ദീര്‍ഘവീക്ഷത്തോട് കൂടിയാണ് സര്‍ക്കാര്‍ ഈ വിഭാഗത്തെ കാണുന്നത്’. അദ്ദേഹം പറഞ്ഞു.
‘കോളനി’ പദപ്രയോഗം ഒഴിവാക്കിയതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുമെന്ന് നിയുക്തമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ആദിവാസി, ദലിത് വിഭാഗക്കാരുടെ അഭിപ്രായം കൂടി തേടും. ഒന്നും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കില്ലെന്നും ഒ.ആര് കേളു പറഞ്ഞു.
മാനന്തവാടി എംഎല്‍എയായ ഒ.ആര് കേളു ഇന്ന് വൈകിട്ടാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകിട്ട് നാലുമണിക്ക് രാജ്ഭവന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുക്കും. പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമമാണ് ഒ.ആര്.കേളുവിന്റെ വകുപ്പുകള്‍.