തലശേരി: മട്ടന്നൂര്‍ കോളാരിയില്‍ ഒന്‍പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം ആയിരിക്കെയാണ് മട്ടന്നൂരില്‍ ബോംബുകള്‍ കണ്ടെടുത്തത്. സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച ബോംബുകള്‍ കണ്ടെടുത്തത്. വിവരമറിഞ്ഞ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇവ നിര്‍വീര്യമാക്കി. പാനൂരിലെ ബോംബ് സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളമായി വ്യാപക പരിശോധനകള്‍ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് ബക്കറ്റുകളില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. പാടത്ത് പുല്ലരിയാന്‍ പോയ സ്ത്രീയാണ് ഇവ കണ്ടത്. തുടര്‍ന്ന് ഇവര്‍ പ്രദേശവാസികളെ വിവരമറിയിക്കുകയും പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തുകയുമായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.