വടകര: വോളിബോളില്‍ പുത്തന്‍ പ്രതിഭകളെ കണ്ടെത്തുന്നതിന് ഒരു മാസമായി മേപ്പയില്‍ ഐപിഎം അക്കാദമി ക്യാമ്പസില്‍ നടന്നുവന്ന സമ്മര്‍ ക്യാമ്പ് സമാപിച്ചു. 40 -ഓളം സ്കൂളുകളില്‍ നിന്നു നാമനിര്‍ദേശം ചെയ്യപ്പെട്ട 240 ഓളം കുട്ടികള്‍ക്ക് നല്കിയ പരിശീലനം വോളിബോളിനെ കൂടുതല്‍ അടുത്തറിയാനായി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഐപിഎം അക്കാദമിയിലെ റെഗുലര്‍ ബാച്ചിലെ രണ്ട് കുട്ടികള്‍ നാഷണല്‍ ക്യാമ്പിലേക്കും 37 കുട്ടികള്‍ സംസ്ഥാന കാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സമ്മര്‍ ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത റെഗുലര്‍ ബാച്ചിലേക്കും സീനിയര്‍ എലൈറ്റ് ബാച്ചിലേക്കും അഡ്മിഷന് ഉടനെ നടക്കും. ഇങ്ങനെ തെരഞ്ഞെടുക്കുന്ന എല്ലാവര്ക്കും സൗജന്യമായി അടുത്ത വര്‍ഷം കോച്ചിങ് നല്‍കും. എലൈറ്റ് ബാച്ചിലെ കുട്ടികള്‍ക്ക് പ്രത്യേകം സിലബസിലുള്ള കോച്ചിങ് കൊടുക്കും. വിദ്യാഭാസവും താമസവും ഭക്ഷണവും കിറ്റും സൗജന്യമായിരിക്കും എന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു.
ക്യാമ്പിന്റെ സമാപന ചടങ്ങ് വാര്‍ഡ് കൗണ്‍സിലര്‍ എ.പി.പ്രജിത ഉദ്ഘാടനം ചെയ്തു. മുന്‍ അന്താരാഷ്ട്ര താരം ബിഎസ്എഫ് ഡെപ്യൂട്ടി കമാന്റന്റ് റോയ് ജോസഫ് മുഖ്യാതിഥിയായി. രഞ്ജുമോന്‍ കേളോത്ത് അധ്യക്ഷത വഹിച്ചു. ഐപിഎം ട്രസ്റ്റ് ചെയര്മാന് നരേന്ദ്രന് കൊടുവട്ടാട്ട് 2023ന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വടകരയിലെ പ്രമുഖ വോളിബോള്‍ സംഘാടകരും മുന്‍ താരങ്ങളുമായ ഞെരളത്തു രവീന്ദ്രന് (മുന്‍ പോലീസ് താരം), സി വി വിജയന്, വിദ്യാസാഗര്‍, മൂസ നാസര്‍, എ കെ രാധാകൃഷ്ണന് (എസ്എന്‍ കോളജ് പ്രിന്‍സിപ്പല്‍), ശശിധരന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രാദേശിക വോളി പ്രതിഭകളെ ബഹുജന പങ്കാളിത്തത്തോടെ കണ്ടെത്താനുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭം ആണ് ഇതെന്നും കടത്തനാടിന്റെ വോളി പാരമ്പര്യം വിളിച്ചറിയിക്കുന്നതാണ് ക്യാമ്പെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. നരേന്ദ്രന് കൊടുവട്ടാട്ട് സ്വാഗതവും ഷീജിത് വി എം നന്ദിയും പറഞ്ഞു. രക്ഷിതാക്കളുടെയും കുട്ടികളുടെയും വോളി താരങ്ങളുടെയും സംഘാടകരുടെയും പങ്കാളിത്തം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.