വടകര: മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) വിജയികളെ അനുമോദിച്ചു. 2023 – 24 വർഷത്തെ എൻ എം എം എസ് റിസൽട്ട് പ്രഖ്യാപിച്ചപ്പോൾ മേമുണ്ട സ്കൂളിലെ 12 വിദ്യാർഥികൾക്ക് എൻ എം എം എസ് സ്കോളർഷിപ്പ് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ മികച്ച വിജയമാണ് മേമുണ്ടക്ക് ലഭിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി എൻ എം എം എസ് റിസൽട്ടിൽ ജില്ലയിലെ മികച്ച വിജയമാണ്
മേമുണ്ടയുടേത്. പരീക്ഷ എഴുതിയതിൽ 230 വിദ്യാർത്ഥികൾ ഈ വർഷം യോഗ്യതയും നേടിയിട്ടുണ്ട്. ഇതിൽ 12 പേർ സ്കോളർഷിപ്പും നേടി. 48000 രൂപയാണ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് ലഭിക്കുക. നാല് വർഷം കൊണ്ടാണ് ഈ തുക വിദ്യാർത്ഥികൾക്ക് ലഭിക്കുക. കേന്ദ്ര, സംസ്ഥാന വകുപ്പുകൾ സംയുക്തമായാണ് എൻ എം എം എസ് സ്കോളർഷിപ്പ് നൽകുന്നത്. രക്ഷിതാക്കളുടെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് പരീക്ഷ എഴുതാൻ കഴിയുക. ആഗസ്റ്റ് മാസം മുതൽ മേമുണ്ട സ്കൂളിൽ ആരംഭിക്കുന്ന വിദഗ്ദ്ധ പരിശീലനമാണ് വിദ്യാർത്ഥികളെ ഈ
നേട്ടത്തിന് പ്രാപ്തരാക്കിയത്. മേമുണ്ട സ്കൂൾ ഹാളിൽ നടന്ന അനുമോദന ചടങ്ങ് സ്കൂൾ പ്രിൻസിപ്പാൾ ബീന ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഡോ എം വി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പി കെ ജിതേഷ് സ്വാഗതം പറഞ്ഞു. മാനേജർ എം നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് ജയശ്രീ ദിലീപ്, സ്റ്റാഫ് സിക്രട്ടറി രജുലാൽ ടി പി, പിടിഎ അംഗം ഇ എം മനോജ് കുമാർ, അധ്യാപകരായ സൗമ്യ പി എം, നിസി വി കെ, ഷീന കെ വി, ഷൈജു ടി കെ, ആബിദ് എ എസ്, രാഗേഷ് പുറ്റാറത്ത് എന്നിവർ ഉപഹാര സമർപ്പണവും ആശംസകളും അർപ്പിച്ചു. പി കെ രമ്യ നന്ദിയും പറഞ്ഞു.